വരുന്നു, ഒറ്റപ്പാലത്തും സ്റ്റേഡിയം
1536969
Thursday, March 27, 2025 6:32 AM IST
ഒറ്റപ്പാലം: ഒറ്റപ്പാലത്തു സ്റ്റേഡിയം നിർമിക്കാൻ നടപടികൾ തുടങ്ങി. കണ്ണിയംപുറം സർക്കാർ ബധിര സ്കൂൾ മൈതാനമാണു സ്റ്റേഡിയമാക്കി മാറ്റുന്നത്. ഇതിന്റെ ദർഘാസ് നടപടികൾ തുടങ്ങിക്കഴിഞ്ഞു.
2021- 22 വർഷത്തെ ബജറ്റിലെ പത്തുകോടിരൂപ വിനിയോഗിച്ചാണ് നിർമാണം. സ്ഥലപരിമിതി കണക്കിലെടുത്ത് ഇൻഡോർസ്റ്റേഡിയം പദ്ധതിമാറ്റി ഒറ്റപ്പാലം സ്റ്റേഡിയമെന്ന പേരിലാണു പദ്ധതി നടപ്പാക്കുന്നത്. ഇതിനുവേണ്ടിയുള്ള ഒരേക്കറിലധികം വരുന്ന സ്ഥലത്തിന്റെ ഏറ്റെടുക്കൽനടപടി നേരത്തെ പൂർത്തിയായിരുന്നു.
കായികവകുപ്പിനു കീഴിലുള്ള സ്പോർട്സ് ഫൗണ്ടേഷൻ കേരളയ്ക്കാണ് നിർമാണച്ചുമതല. ഭിന്നശേഷിക്കാരെക്കൂടി പരിഗണിച്ചു അത്യാധുനിക സൗകര്യങ്ങളോടെയുള്ള മൾട്ടിപർപ്പസ് സ്റ്റേഡിയമാണ് വിഭാവനം ചെയ്തിട്ടുള്ളത്. റാംപ് സൗകര്യത്തോടെ ഇൻഡോർ ഗെയിംസ് കളിക്കാനുള്ള എല്ലാവിധ സംവിധാനങ്ങളും സ്റ്റേഡിയത്തിലുണ്ടാകും. രണ്ടു ബാസ്കറ്റ്ബോൾ കോർട്ട്, ആറു ഷട്ടിൽ ബാഡ്മിന്റൺ കോർട്ടുകൾ, നാലുവോളിബോൾ കോർട്ടുകൾ തുടങ്ങിയവയാണ് സ്റ്റേഡിയത്തിലുണ്ടാകുക. 2013ലാണ് ഒറ്റപ്പാലത്തൊരു ഇൻഡോർ സ്റ്റേഡിയമെന്ന ആശയമുയരുന്നത്. ആദ്യം കണ്ണിയംപുറം സർക്കാർ ബധിര സ്കൂൾ മൈതാനം ഇതിനുവേണ്ടി കണ്ടെത്തിയെങ്കിലും പദ്ധതി പ്രാവർത്തികമായില്ല. പിന്നീട് കണ്ണിയംപുറം കാഞ്ഞിരപ്പുഴ ഇറിഗേഷൻ പദ്ധതിയുടെ ഓഫീസ്കെട്ടിടം നിൽക്കുന്ന സ്ഥലത്തേക്ക് മാറ്റി.
എന്നാൽ, ജലസേചനവകുപ്പിൽനിന്ന് സ്ഥലം വിട്ടുകിട്ടാത്തതിനാൽ പദ്ധതി നീണ്ടു. സ്ഥലലഭ്യത കണക്കിലെടുത്തു പദ്ധതിവീണ്ടും ഒറ്റപ്പാലം ബധിരവിദ്യാലയത്തിന്റെ വളപ്പിൽ തീരുമാനിക്കുകയായിരുന്നു.