ഔഷധഗ്രാമത്തിനു തുടക്കംകുറിച്ച് ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത്
1537177
Friday, March 28, 2025 1:49 AM IST
ശ്രീകൃഷ്ണപുരം: കാർബൺ ന്യൂട്രൽ പദ്ധതിയുടെ ഭാഗമായി ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തിൽ ഔഷധഗ്രാമം പദ്ധതിക്ക് തുടക്കംകുറിച്ചു. പഞ്ചായത്തിലെ മുഴുവൻ വീടുകളിലും 14 ഇനത്തിൽപ്പെട്ട ഔഷധവൃക്ഷത്തൈകൾ നട്ട് സംരക്ഷിക്കുന്ന പദ്ധതിയാണ് ഔഷധ ഗ്രാമം.
പദ്ധതിയുടെ ഉദ്ഘാടനം കെ. പ്രേംകുമാർ എംഎൽഎ വലമ്പിലി മംഗലം എഎൽപി സ്കൂളിൽ ചന്ദനതൈനട്ട് ഉദ്ഘാടനം നിർവഹിച്ചു. അടക്കാപുത്തൂർ സംസ്കൃതിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
തൈകൾ വ്യക്തമായ വിവരശേഖരണത്തിലൂടെ സംസ്കൃതി സ്റ്റുഡന്റ്സ് ക്ലബിന്റെയും ഹരിതകർമസേനാംഗങ്ങളുടെയും സഹകരണത്തോടെ പരിപാലിച്ച് നിരീക്ഷിച്ച് മൂന്നുമാസത്തിലൊരിക്കൽ അതതു വാർഡ് അംഗങ്ങൾ പഞ്ചായത്തിന് റിപ്പോർട്ട് ചെയ്യുന്ന രീതിയിലാണ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. ജനകീയാസൂത്രണം 2024-25 പദ്ധതിയിൽ ഉൾപ്പെടുത്തി കാർബൺ ന്യുട്രൽ പ്രവർത്തനങ്ങളുടെ ഭാഗമായി ജൈവവേലി ഉപയോഗിച്ച് വിവിധ കേന്ദ്രങ്ങളിൽ മാലിന്യമുക്തമാക്കുന്നതിനോടൊപ്പം സൗന്ദര്യവത്കരണം എന്ന പദ്ധതിക്കും തുടക്കംകുറിക്കും.
ഔഷധഗ്രാമം പദ്ധതിയുടെ ഭാഗമായി ഒന്നാംഘട്ടം അഞ്ചു വാർഡുകളിൽ തൈകൾ വിതരണം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് സി. രാജിക അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം. സുകുമാരൻ, പഞ്ചായത്ത് അംഗങ്ങൾ, സംസ്കൃതി പ്രവർത്തകരായ രാജേഷ് അടക്കാപുത്തൂർ എന്നിവർ പ്രസംഗിച്ചു.