നടപ്പാതകൾ കൈയേറി കച്ചവടം; ഗതാഗതക്കുരുക്ക് രൂക്ഷം
1537185
Friday, March 28, 2025 1:49 AM IST
വടക്കഞ്ചേരി: വഴിയോരകച്ചവടങ്ങൾ മൂലം ടൗണിൽ ഗതാഗതകുരുക്ക് രൂക്ഷം. യാത്രക്കാർക്ക് വാഹനങ്ങൾക്കിടയിലൂടെ വേണം അത്യാവശ്യങ്ങൾക്ക് നടന്നു പോകാൻ. ചെറുപുഷ്പം ജംഗ്ഷനടുത്തുള്ള മത്സ്യകച്ചവടവും ടിബി ജംഗ്ഷൻ ഇറക്കത്തിലും മന്ദംകവലയിലും സുനിതമുക്കിലും ശിവരാമപാർക്കിനു മുന്നിലും തുടർന്ന് തങ്കം ജംഗ്ഷൻ വരെയും റോഡിൽ സാധനങ്ങൾ നിരത്തിവച്ചും ഉള്ള കച്ചവടം പൊടിപൊടിക്കുന്നത് ഗതാഗതകുരുക്കിന് ഇടയാക്കുന്നു.
വീതികുറഞ്ഞ കിഴക്കഞ്ചേരി റോഡിൽ ഏത് സമയവും വാഹനകുരുക്കാണ്. ഇന്നലെ ഉച്ചയോടെ ഏറെ സമയം വാഹനങ്ങൾ കുടുങ്ങിക്കിടന്നു. മൂന്ന്മാസം മുന്പാണ് ടൗണിലെ അനധികൃത പാർക്കിംഗ്, അനധികൃതകച്ചവടം എന്നിവക്കെതിരെ നടപടി എടുക്കുമെന്ന് പറഞ്ഞത്. ആദ്യ ദിവസങ്ങളിൽ മുന്നറിയിപ്പുകൾ നൽകും.
തുടർന്ന് പിഴ ചുമത്തലും വാഹനം പിടിച്ചെടുക്കുന്നതുൾപ്പെടെയുള്ള കടുത്ത നടപടികളെടുക്കാനായിരുന്നു കഴിഞ്ഞ ഡിസംബർ ഒന്പതിലെ സർവകക്ഷിയോഗ തീരുമാനം. ഇതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുൾപ്പെടുന്ന സ്ക്വാഡുകളും രൂപീകരിച്ചിരുന്നു. എന്നാൽ ഫലമൊന്നും ഉണ്ടായില്ല. ടൗണ്റോഡിലൂടെ ടു വേ ബസ് സർവീസ് വന്നാൽ റോഡിലെ സ്ഥിരമായുള്ള അനധികൃത കച്ചവട സ്ഥാപനങ്ങൾ ഇല്ലാതാകുമെന്നാണ് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നത്. ഇത് യാത്രക്കാർക്കും യാത്ര സൗകര്യപ്രദമാകും.