ചിറ്റൂർ ആശുപത്രി ജംഗ്ഷനിൽ അപകടസാധ്യത കുറഞ്ഞില്ല
1536506
Wednesday, March 26, 2025 1:56 AM IST
ചിറ്റൂർ: വാഹനത്തിരക്കേറിയ ചിറ്റൂർ ആശുപത്രി ജംഗ്ഷനിലെ അപകട സാധ്യത കുറയുന്നില്ല. നിരപ്പും റോഡും തമ്മിലുള്ള പ്രകടമായ വ്യത്യാസമാണ് അപകടസാധ്യത കൂട്ടുന്നത്. പലതവണ റോഡ് നവീകരണം നടപ്പാക്കിയിട്ടും നിരപ്പുവ്യത്യാസത്തിനു കൃത്യത വരുത്താൻ അധികൃതർക്കായിട്ടില്ല.
വലിയ വാഹനങ്ങൾക്കു വഴിമാറുന്ന ഇരുചക്രവാഹനങ്ങളും കാൽനടയാത്രക്കാരും പലയിടത്തായി രൂപപ്പെട്ട കുഴികളിൽ വീഴാറുണ്ട്. വാഹനത്തിനു കേടുപാടുണ്ടാകുമെന്നു കണക്കാക്കി പലരും വാഹനങ്ങളിൽ റോഡിനു മധ്യത്തിലൂടെയാണ് സഞ്ചരിക്കുന്നത്.
ഇതു ഗതാഗതക്കുരുക്കിനും ഇടയാക്കുന്നു. താലൂക്കിലെ പ്രധാന വാണിജ്യകേന്ദ്രമായിട്ടും സിവിൽസ്റ്റേഷനും താലൂക്ക് ആശുപത്രിയുമുണ്ടായിട്ടും റോഡിന്റെ ദുരവസ്ഥ എല്ലാവരെയും വട്ടംകറക്കുകയാണ്.
ആശുപത്രിയിലേക്കു വരുന്നതും ഇവിടെനിന്നു പോകുന്നതുമായ ആംബുലൻസുകൾപോലും ഏറെ ശ്രമകരമായാണ് റോഡിലൂടെ കടന്നുപോകുന്നത്.
താലൂക്ക് ആശുപത്രിമുതൽ അണിക്കോട് ജംഗ്ഷൻവരെ അതികഠിനമാണ് റോഡിന്റെ ദുരവസ്ഥ.