അബദ്ധജടിലമായ ഉത്തരവുകൾക്കു സർക്കാർ തുനിയരുത്: തോമസ് ഉണ്ണിയാടൻ
1536502
Wednesday, March 26, 2025 1:55 AM IST
പാലക്കാട്: തുടർച്ചയായി ജനവിരുദ്ധവും അബദ്ധജടിലവുമായ ഉത്തരവുകൾക്ക് സർക്കാർ ഇനി തുനിയരുതെന്ന് കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയർമാൻ അഡ്വ. തോമസ് ഉണ്ണിയാടൻ മുന്നറിയിപ്പ് നൽകി.
ഡാമുകൾക്കും ജലസംഭരണികൾക്കു ചുറ്റിലും 120 മീറ്റർ ബഫർസോണ്‍ പ്രഖ്യാപിച്ചത് പിൻവലിക്കേണ്ടിവന്നത് കേരള കോണ്‍ഗ്രസിന്റെ ശക്തമായ പ്രതിഷേധത്തെതുടർന്നാണെന്നും കർഷകപ്രേമം നടിച്ച് മലയോരജാഥ നടത്തുന്നവർ ഇത്തരം ജനദ്രോഹ ഉത്തരവുകൾ ഇറക്കുന്നത് ഇരട്ടത്താപ്പും ജനവഞ്ചനയാണെന്നും പാലക്കാട് മൈനർ ഇറിഗേഷൻ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് തോമസ് ഉണ്ണിയാടൻ പറഞ്ഞു.
സർക്കാരിന്റെ ബഫർസോണ്‍ ഉത്തരവിന്റെ കോപ്പികൾ കത്തിച്ചു പ്രതിഷേധം രേഖപ്പെടുത്തി. ജില്ലാ പ്രസിഡന്റ് ജോബി ജോണ്‍ അധ്യക്ഷനായി. തോമസ് ജേക്കബ്, പി.കെ. മാധവവാര്യർ, കെ. ശിവരാജേഷ്, വി.എ. ബെന്നി, മനോജ് മണ്ണാർക്കാട്, ആർ. സുന്ദർരാജ്, എൻ.വി. സാബു, എം.വി. രാമചന്ദ്രൻ നായർ, അഡ്വ. ജയൻ തോമസ്, ജോഷി പള്ളിനീരായ്ക്കൽ, വി.കെ. സുബ്രഹ്മണ്യൻ, രാജൻ വർഗീസ്, പി.സി. എബ്രഹാം, ചാർളി മാത്യു, മണികണ്ഠൻ എലവഞ്ചേരി, ബിജുമോൻ ജോസഫ്, സിർളി കരിന്പ, കുര്യാക്കോസ് പാലക്കയം, സതീഷ് പുതുശേരി, അബ്ദുൾ വഹാബ്, ജയകൃഷ്ണൻ കോട്ടായി, മുഹമ്മദ് റൈസ്, സിനോജ്, സജി, വി.എ. ആന്റോ, ഉണ്ണികുമാർ കാവുങ്ങൽ, ബാബു മണ്ണാർക്കാട്, ജോണി മുട്ടത്ത് എന്നിവർ പ്രസംഗിച്ചു.