ബ്രൂവറിവിരുദ്ധ സമരം പാലക്കാട്ടെ ജനങ്ങൾക്കു വേണ്ടിയെന്നു സി.വി. ബാലചന്ദ്രൻ
1536501
Wednesday, March 26, 2025 1:55 AM IST
പാലക്കാട്: നിർദിഷ്ട എലപ്പുള്ളി ബ്രൂവറി ഉയർത്തുന്ന വെല്ലുവിളികൾ കർഷകരെയും കർഷകതൊഴിലാളികളെയും പൊതുസമൂഹത്തെയും ഒരുപോലെ ബാധിക്കുമെന്നതിനാൽ കർഷകകോണ്‍ഗ്രസ് ഏറ്റെടുത്തിരിക്കുന്ന പ്രക്ഷോഭം പാലക്കാട്ടെ എല്ലാവിഭാഗം ജനങ്ങൾക്കും വേണ്ടിയുള്ളതാണെന്ന് കെപിസിസി നിർവാഹകസമിതി അംഗം സി.വി. ബാലചന്ദ്രൻ അഭിപ്രായപ്പെട്ടു.
കന്പനിയുടെ പ്രധാന അസംസ്കൃതവസ്തുജലം ആണെന്നിരിക്കെ ജലചൂഷണം വ്യാപകമായി ഉണ്ടാകും എന്നത് വസ്തുതയാണ്. അതുകൊണ്ട് നെൽകൃഷി മേഖലയിൽ കനത്ത ആഘാതം ഉണ്ടാകും. നെൽകൃഷി കുറയുന്നതോടെ വലിയതോതിൽ തൊഴിൽനഷ്ടം ഉണ്ടാകും. കുടിവെള്ളക്ഷാമം രൂക്ഷമാക്കും. അതുകൊണ്ട് ബ്രൂവറി പ്രവർത്തിക്കുന്നത് ഈ മേഖലയിലെ എല്ലാവിഭാഗം ജനങ്ങളെയും ബാധിക്കും എന്നതിനാൽ ബ്രൂവറിക്ക് നൽകിയ ലൈസൻസ് പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കർഷകകോണ്‍ഗ്രസ് സംസ്ഥാനപ്രസിഡന്റ് മാജൂസ് മാത്യൂസ് നടത്തുന്ന 100 മണിക്കൂർ നിരാഹാരസത്യാഗ്രഹസമരത്തിന്റെ 4-ാം ദിവസം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന വൈസ് പ്രസിഡന്റ് ജോർജ് ജേക്കബ് അധ്യക്ഷത വഹിച്ചു. മുൻ എംപി രമ്യ ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി.