മുടപ്പല്ലൂർ- ചല്ലുപടി, കരിപ്പാലി- പാളയം റോഡുകൾ മാലിന്യനിക്ഷേപകേന്ദ്രമാകുന്നു
1536500
Wednesday, March 26, 2025 1:55 AM IST
വടക്കഞ്ചേരി: പുഴകളും തോടുകളും ആളൊഴിഞ്ഞ റോഡുകളും മാലിന്യങ്ങൾ വലിച്ചെറിയുന്ന ഇടങ്ങളായി മാറി. മുടപ്പല്ലൂരിൽ നിന്നും ചല്ലുപടിക്ക് പോകുന്ന റോഡിന്റെ വശങ്ങൾ നിറയെ മാലിന്യകവറുകളും ചാക്കുകളുമാണ്. രണ്ട് പുഴകൾ ഒഴുകുന്ന കരിപ്പാലി - പാളയം റോഡും നാട്ടിലെ മാലിന്യങ്ങളെല്ലാം തള്ളാനുള്ള കേന്ദ്രമായി മാറി. അറവുമാലിന്യങ്ങളും കക്കൂസ് മാലിന്യങ്ങളും ഉൾപ്പെടെ ഈ റോഡിന്റെ വശങ്ങളിലും പുഴകളിലുമാണ് തള്ളുന്നത്.
ദുർഗന്ധം വമിച്ച് വഴി നടക്കാനാകാത്ത സ്ഥിതിയാണിപ്പോൾ. വെള്ളംകുറഞ്ഞ കരിപ്പാലി പുഴയിൽ മാലിന്യചാക്കുകളാണ് നിറയുന്നത്. പാലത്തിൽ വാഹനം നിർത്തി പുഴയിലേക്ക് മാലിന്യം തള്ളും. പാളയം പാലം പ്രദേശത്ത് ആളുകൾ ഉണ്ടാകുന്നതിനാൽ അവിടെ മാലിന്യം നിക്ഷേപിക്കുന്നതിൽ കുറവുണ്ട്. കുടിവെള്ള പദ്ധതികളുള്ള പുഴകളിലാണ് ഇത്തരത്തിൽ മാലിന്യം തള്ളുന്നത്.
അതിരാവിലെ കരിപ്പാലി പാലത്തിലാണ് പച്ചമത്സ്യ വില്പന. ചെറുകിട മത്സ്യവില്പനക്കാരെല്ലാം ഇവിടെയെത്തിയാണ് മത്സ്യം വാങ്ങി വില്പനക്ക് പോവുക. അഴുക്കുവെള്ളം റോഡിലൂടെ ഒഴുക്കും. കേടുവന്ന മത്സ്യം മുഴുവൻ പുഴയിലേക്കും വലിച്ചെറിയും. തീറ്റ സമൃദ്ധമാകുന്നത് നായ്കൂട്ടങ്ങളും പന്നിക്കൂട്ടങ്ങളും ഇവിടെ പെരുകാനും കാരണമാകുന്നുണ്ട്.
ഇവ റോഡിനു കുറുകെ പാഞ്ഞ് വാഹന യാത്രികർ അപകടത്തിൽപ്പെടുന്നതും കുറവല്ല.സംസ്ഥാനപാതയിൽ നിന്നും കരിപ്പാലി പാലം മുതൽ നൂറ് മീറ്ററോളം ദൂരം ആളൊഴിഞ്ഞ പ്രദേശമാണ്. ഇതാണ് മാലിന്യം തള്ളുന്നവർക്ക് സൗകര്യമാകുന്നത്. രാത്രിയിൽ ഇവിടെ വെളിച്ചസംവിധാനവുമില്ല. കാമറകൾ പുനഃസ്ഥാപിച്ച് മാലിന്യം തളർന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.