രണ്ടാംവിള കൊയ്ത്ത് സജീവം; നെല്ല് സംഭരണത്തിനു സ്വകാര്യ മില്ലുകളും
1536499
Wednesday, March 26, 2025 1:55 AM IST
നെന്മാറ: മേഖലയിൽ രണ്ടാംവിള കൊയ്ത്ത് സജീവമായി. കർഷകരിൽ നിന്ന് നെല്ല് സംഭരിക്കാൻ സ്വകാര്യ മില്ലുകളും രംഗത്തെത്തി. കഴിഞ്ഞ കുറച്ചുവർഷങ്ങളായി സ്വകാര്യ മില്ലുകൾ കർഷകരിൽ നിന്ന് നെല്ല് സംഭരിക്കുന്നതിൽ നിന്ന് പിൻവാങ്ങിയിരുന്നു.
കിലോയ്ക്ക് 24 മുതൽ 25 രൂപവരെ നിരക്കിലാണ് നെല്ല് സംഭരിക്കുന്നത്. നെല്ല് സൂക്ഷിച്ച സ്ഥലത്തേക്കുള്ള കടത്തുകൂലി, വാഹനം പോകുന്നദൂരം എന്നിവ അനുസരിച്ച് സ്വകാര്യമില്ലുകൾ കർഷകരിൽ നിന്ന് നേരിയ വിലവ്യത്യാസം വരുത്തുന്നുണ്ട്. നെല്ല് വില ഉടൻ ലഭിക്കുമെന്നതിനാൽ കൂടുതൽ കർഷകർ സ്വകാര്യ മില്ലുകൾക്ക് നൽകാൻ തയ്യാറാവുന്നു. ഉണങ്ങിയ നെല്ല് ആയതിനാൽ കൊയ്ത്തുകഴിഞ്ഞ അടുത്ത ദിവസംതന്നെ നെല്ല് സ്വകാര്യമില്ലുകാർ കൊണ്ടുപോകുന്നുണ്ട്.
സപ്ലൈകോയും നെല്ല് സംഭരണം ആരംഭിച്ചെങ്കിലും സർക്കാർ സംഭരണവിലയായ 28.20 രൂപ ലഭിക്കണമെങ്കിൽ സംഭരണ പരിധി, സപ്ലൈകോ കൃഷി അസിസ്റ്റന്റുമാരുടെ ഫീൽഡ് പരിശോധന, തൂക്കചീട്ട്, പിആർഎസ് ബാങ്ക് വായ്പ തുടങ്ങി നിരവധി കടമ്പകൾ കഴിഞ്ഞ് മാസങ്ങൾക്ക് ശേഷമെ തുക ലഭിക്കുകയുള്ളൂ എന്നതിനാലാണ് കർഷകർ തുക കുറവാണെങ്കിലും ഉടൻ പണം കിട്ടുന്ന സ്വകാര്യ മില്ലുകൾക്ക് നൽകാൻ തയ്യാറാവുന്നത്. വേനൽമഴയുള്ളതിനാൽ കൊയ്ത്തുകഴിഞ്ഞ എല്ലാ കർഷകർക്കും നെല്ല് സൂക്ഷിച്ചുവയ്ക്കാൻ സൗകര്യമില്ലാത്തതിനാൽ മിക്കവരും പ്ലാസ്റ്റിക് ഷീറ്റും മറ്റും കൊണ്ട് മൂടിവച്ചാണ് സൂക്ഷിക്കുന്നത്.
സ്വകാര്യ മില്ലുകൾ സംഭരണത്തിന് എത്തിയതോടെ നെല്ല് നനയുമെന്ന ഭീതിയും ഒഴിവായികിട്ടിയെന്ന് കർഷകർ പറയുന്നു.