ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവരുടെ അവകാശങ്ങൾ സർക്കാർ നിഷേധിക്കരുത്: പെയ്ഡ്
1536275
Tuesday, March 25, 2025 6:59 AM IST
പാലക്കാട്: ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവർക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വർഷംതോറും നൽകേണ്ട സ്കോളർഷിപ്പ് 28500 രൂപ പൂർണമായും നൽകാൻ നിരവധി സർക്കാർ ഉത്തരവുകൾ ഉണ്ടായിട്ടും ജില്ലയിലെ ചില ഗ്രാമപഞ്ചായത്തുകളും നഗരസഭകളും ഇനിയും തയ്യാറാകാത്തതിൽ പെയ്ഡ് ജില്ലാകമ്മിറ്റി പ്രതിഷേധിച്ചു. സ്കോളർഷിപ്പ് നിഷേധിക്കുന്ന പഞ്ചായത്തുകളിലേയും നഗരസഭകളിലേയും സെക്രട്ടറിമാർക്കെതിരെയും ഐസിഡിഎസ് ഉദ്യോഗസ്ഥർക്കെതിരെയും നിയമനടപടികൾ സ്വീകരിക്കുമെന്ന് യോഗം അറിയിച്ചു.
2018 ന് ശേഷം അപേക്ഷിക്കുന്നവർക്കും ആശ്വാസകിരണം പദ്ധതി ആനുകൂല്യങ്ങൾ നൽകാൻ സർക്കാർ നടപടി ഉണ്ടാകണമെന്നും, ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് പരിശീലനം നൽകുന്ന ജില്ലയിലെ എല്ലാ സ്പെഷൽ സ്കൂളുകളിലെയും 18 വയസ്കഴിഞ്ഞ കുട്ടികൾക്ക് അവിടെതന്നെ തുടർപരിശീലനം നൽകാൻ വൊക്കേഷൻ ട്രെയിനിംഗ് സെന്റർ അനുവദിച്ച് അവക്ക് ഗ്രാന്റ് അനുവദിക്കുക, സ്പെഷൽ സ്കൂളുകൾക്ക് അംഗീകാരം ലഭിക്കാൻ 18 വയസിൽ താഴെ 20 കുട്ടികൾ വേണം എന്ന കാടൻനിയമം മാറ്റി പകരം 18 വയസിൽ താഴെ 8 കുട്ടികൾ ഉണ്ടെങ്കിൽ അംഗീകാരം നൽകണമെന്നും ജില്ലയിൽ ഭിന്നശേഷി സർട്ടിഫിക്കറ്റിനുള്ള അപേക്ഷകൾ പരിശോധിച്ച് സമയബന്ധിതമായി സർട്ടിഫിക്കറ്റും യുഡിഐഡി കാർഡും നൽകാൻ സർക്കാർ തയ്യാറാകണമെന്നും നിരാമയ ഇൻഷ്വറൻസ് പ്രീമിയം മുന്പ് ചെയ്തത്പോലെ അടക്കാൻ സർക്കാർ തയ്യാറാകേണ്ടതാണ് എന്നും യോഗം ആവശ്യപ്പെട്ടു. പെയ്ഡ് ജില്ലാ കമ്മിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ജില്ലാ പ്രസിഡന്റായി ജോമി ജോർജ്, സെക്രട്ടറിയായി കെ.പി. എലിയാസ്, ട്രഷറർ ശാന്തകുമാരി എന്നിവർ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
വൈസ് പ്രസിഡന്റുമാരായി എം. അനിൽകുമാർ, കെ. ഉഷ, ജോയിന്റ് സെക്രട്ടറിമാരായി പി. വിശ്വനാഥൻ, കെ. മദീന എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
9 അംഗ സംസ്ഥാന സമിതിയും 30 അംഗ ജില്ലാ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. പെയ്ഡ് സംസ്ഥാന സെക്രട്ടറി അഡ്വ. ബോബി ബാസ്റ്റിൻ യോഗം ഉദ്ഘാടനംചെയ്തു. ജ്യോതി നിലയം സ്പെഷൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ആൻ തെരേസ് മുഖ്യപ്രഭാഷണം നടത്തി.