പാട്ടികുളത്ത് കനാലിലെ ജലവൈദ്യുതപ്ലാന്റിന് തുടക്കം
1536274
Tuesday, March 25, 2025 6:59 AM IST
വണ്ടിത്താവളം: കനാലിൽ വെള്ളംചാടുന്ന സ്ഥലത്ത് യന്ത്രം ഘടിപ്പിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള നൂതന പദ്ധതിക്ക് വണ്ടിത്താവളത്ത് പരീക്ഷണാടിസ്ഥാനത്തിൽ തുടക്കം കുറിച്ചു. പാട്ടിക്കുളം പാലത്തിനടുത്താണ് കനാലിൽ യന്ത്രം ഘടിപ്പിച്ചിരിക്കുന്നത്. അടുത്തായി ട്രാൻസ്ഫോർമറും പണിതിട്ടുണ്ട്. വെള്ളം യന്ത്രത്തിൽ ഘടിപ്പിച്ച ലീഫുകളിൽ കുത്തിഒഴുകി ആന്റി ക്ലോക്ക്വൈസിൽ ശക്തിയായി കറങ്ങുമ്പോൾ സൈക്കിൾ ഡൈനാമൊ രീതിയിലാണ് വൈദ്യുതി ഉത്പാദിക്കുന്നത്.
ഇക്കഴിഞ്ഞദിവസം കനാലിൽ വെള്ളമിറക്കി പരീക്ഷണാടിസ്ഥാനത്തിൽ യന്ത്രം പ്രവർത്തിപ്പിച്ചതിൽ വിജയം കണ്ടിട്ടുണ്ടെങ്കിലും ചെറിയതോതിൽ ക്രമീകരണം നടത്തി വീണ്ടും പരീക്ഷണത്തിനൊരുങ്ങുകയാണ് ബന്ധപ്പെട്ട വകുപ്പധികൃതർ. നൂറുശതമാനം വിജയം കണ്ടാൽ പ്ലാന്റ് വൈദ്യുതി വകുപ്പിനു കൈമാറും. കൂടുതൽ സാമ്പത്തികബാധ്യത ഉണ്ടാവാത്ത പദ്ധതിയെന്നതിനാൽ കനാലുകളിൽ കുത്തനെയുള്ള വെള്ളച്ചാട്ടങ്ങളിലെല്ലാം ഇത്തരം വൈദ്യുതി നിർമാണ യൂണിറ്റ് സ്ഥാപിക്കാനും ലക്ഷ്യമിടുന്നുണ്ട്. സംസ്ഥാനത്ത് ആദ്യമായാണ് പാട്ടികുളത്ത് നൂതനസാങ്കേതികവിദ്യയിൽ വൈദ്യുതി ഉത്പാദനത്തിന് തയാറായിരിക്കുന്നത്. കൊടുവായൂർ- പൊള്ളാച്ചി പ്രധാനപാതയ്ക്കരികിലെ കനാലിലാണ് യൂണിറ്റ് സ്ഥാപിച്ചിട്ടുള്ളത്.