സമ്പൂർണ പാർപ്പിട പദ്ധതിയുമായി കോട്ടോപ്പാടം പഞ്ചായത്ത് ബജറ്റ്
1535919
Monday, March 24, 2025 1:19 AM IST
മണ്ണാർക്കാട്: സമ്പൂർണ പാർപ്പിടം, കാർഷികം, ദാരിദ്ര്യ ലഘൂകരണം, മാലിന്യ നിർമാർജനം തുടങ്ങിയ മേഖലകൾക്ക് ഊന്നൽനൽകി കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് 2025-26 വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു.
53.3 കോടി രൂപ വരവും 52.91 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റിൽ 48 ലക്ഷം രൂപയാണ് നീക്കിയിരിപ്പ്. സമ്പൂർണ പാർപ്പിട പദ്ധതിക്കായി 15 കോടി രൂപയും വൃദ്ധരുടെയും വനിതകളുടെയും ക്ഷേമത്തിനായി 49 ലക്ഷം രൂപയും പട്ടിക ജാതി, പട്ടികവർഗ ക്ഷേമത്തിനായി ഒരു കോടി 15 ലക്ഷം രൂപയും ആരോഗ്യമേഖലയിൽ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ വികസനം, ലാബ് നവീകരണം, പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൗകര്യം വർധിപ്പിക്കൽ തുടങ്ങിയവക്കായി 46 ലക്ഷം രൂപയും വകയിരുത്തി.
കൃഷി, ക്ഷീരവികസനം എന്നീ മേഖലകളിൽ വന്യമൃഗങ്ങൾ കൃഷി നശിപ്പിക്കുന്നത് തടയുന്നതിനു വേണ്ടിയുള്ള ഫെൻസിംഗ്, കാട്ടുപന്നികളെ നശിപ്പിക്കുക തുടങ്ങിയവ ഉൾപ്പെടെ 1.66 കോടി രൂപയും ഭിന്നശേഷിക്കാരുടേയും ശിശുക്കളുടെയും ക്ഷേമത്തിനായി ബഡ്സ് സ്കൂൾ പൂർത്തീകരണത്തിന് 1.23 കോടി രൂപയും വകയിരുത്തി.
ഭിന്നശേഷിക്കാർക്കുള്ള സ്കോളർഷിപ്പ് വിതരണം, കലോത്സവം തുടങ്ങിയവക്കും തുക നീക്കിവച്ചു. കുടിവെള്ളത്തിനായി 42 ലക്ഷം, ശുചിത്വ പ്രോജക്ടുകൾക്കായി 21 ലക്ഷം, ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം, പൊതുമരാമത്ത് പ്രവൃത്തികൾ എന്നിവക്കായി 6.2 കോടി, സാമൂഹ്യസുരക്ഷാ പദ്ധതികൾക്കായി 1.12 കോടിയും വിദ്യാഭ്യാസം, കല, സംസ്കാരം, യുവജന ക്ഷേമം എന്നിവക്കായി 33 ലക്ഷം, തൊഴിലുറപ്പ് പദ്ധതിക്കായി അഞ്ചുകോടി രൂപ, പഞ്ചായത്ത് ഓഫീസ് നവീകരണത്തിനായി 30 ലക്ഷം രൂപയും വകയിരുത്തി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശികുമാർ ഭീമനാട് ബജറ്റ് അവതരിപ്പിച്ചു. പ്രസിഡന്റ് ജസീന അക്കര അധ്യക്ഷയായി. സെക്രട്ടറി ടി.ആർ. മനോജ്, ജില്ലാ പഞ്ചായത്ത് അംഗം എം. മെഹർബാൻ പങ്കെടുത്തു.