അട്ടപ്പാടിയിൽ വിവിധ എംപി ഫണ്ട് പദ്ധതികളുടെ ഉദ്ഘാടനം
1535914
Monday, March 24, 2025 1:19 AM IST
അഗളി: പാലക്കാട് എംപി വി.കെ. ശ്രീകണ്ഠൻ അട്ടപ്പാടിയിൽ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു. അഞ്ചു കോടി 46 ലക്ഷം രൂപ ചെലവിൽ നിർമ്മിക്കുന്ന ചെമ്മണ്ണൂർ പാലത്തിന്റെ നിർമ്മാണ ഉദ്ഘാടനം ചെമ്മണ്ണൂർ മല്ലീശ്വരക്ഷ ക്ഷേത്രത്തിൽ സമീപം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാരുതി മുരുകൻ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ എം.സി. ഗാന്ധി, ഈശ്വരി രേശൻ, സെന്തിൽ കുമാർ, എസ്. അല്ലൻ, സുനിൽ ജി. പുത്തൂർ, പിഎംജിഎസ് വൈ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ കെ. നിർമല,അക്രഡിറ്റിവ് എൻജിനീയർ ജൂബി സാന്ദ്ര പങ്കെടുത്തു.
രണ്ടുകോടി 11 ലക്ഷം രൂപ ചെലവിൽ നിർമിക്കുന്ന നെല്ലിപ്പതി പല്ലിയറ റോഡിന്റെ നിർമാണം പഞ്ചായത്ത് മെംബർ കെ.ടി. ബെന്നിയുടെ അധ്യക്ഷതയിൽ നെല്ലിപ്പതിയിൽ ചേർന്ന യോഗത്തിൽ എംപി ഉദ്ഘാടനം ചെയ്തു. എംപി ഫണ്ട് വിനിയോഗിച്ച് നിർമിച്ച അടിയ കണ്ടിയൂർ റോഡിന്റെയും, മാമണ- കണ്ടിയൂർ റോഡിന്റെയും ഉദ്ഘാടനങ്ങൾ എംപി നിർവഹിച്ചു.
യാത്രാക്ലേശം അനുഭവിക്കുന്ന മുഴുവൻ പ്രദേശങ്ങളിലേക്ക് റോഡ് എത്തിക്കുക എന്നതാണു ലക്ഷ്യമെന്നും ഒട്ടേറെ വികസനപ്രശ്നങ്ങൾ നേരിടുന്ന അട്ടപ്പാടിയുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധപതിപ്പിക്കുന്നുണ്ടെന്നും എംപി പറഞ്ഞു.