ലഹരിക്കെതിരേ അണിചേർന്ന് പാലക്കാട് കത്തീഡ്രൽ
1535913
Monday, March 24, 2025 1:19 AM IST
പാലക്കാട്: കെസിബിസി മദ്യ- ലഹരി വിരുദ്ധസമിതിയുടെ പ്രവർത്തനങ്ങൾക്കു ഐക്യദാർഢ്യം പ്രകടിപ്പിച്ച ഇന്നലെ ലഹരിവിരുദ്ധദിനം ആചരിച്ച് പാലക്കാട് സെന്റ് റാഫേൽസ് കത്തീഡ്രൽ.
രാവിലെ ആറരയ്ക്കു വിശുദ്ധ കുർബാനക്ക് ശേഷം വിശ്വാസികൾ ഒരുമിച്ചുചേർന്ന് കെസിബിസി മദ്യലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കു ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
മദ്യവും മയക്കുമരുന്നും ഇന്നത്തെ കാലഘട്ടത്തിന്റെ വിപത്താണ്. സമൂഹത്തിൽ നടക്കുന്ന ഒട്ടനവധി മനുഷ്യത്വരഹിതമായ പ്രവർത്തനങ്ങൾക്കു പിന്നിലും മദ്യമയക്കുമരുന്ന് വിതരണക്കാരുടെയും ഉപഭോക്താക്കളുടെയും പങ്കു വലുതാണ്.
മയക്കുമരുന്നുകച്ചവടക്കാർ മരണസംസ്കാരത്തിന്റെ വ്യാപാരികളാണ്. ജീവന്റെ സംസ്കാരത്തിനു ചേരുന്നതല്ല മദ്യലഹരി ഉപയോഗവും കച്ചവടവും. ലഹരി പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നവരുടെ പ്രവർത്തനങ്ങൾ ഇല്ലായ്മ ചെയ്യേണ്ടത് ഇന്നത്തെ സമൂഹത്തിന്റെ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്. മനുഷ്യരെല്ലാവരും ആദരിക്കപ്പെടുകയും ജീവിക്കാൻ അവകാശവുമുള്ളവരാണ്.
മരണ സംസ്കാരത്തിന്റെ പ്രവണതകൾക്കെതിരെ അണിചേരണമെന്നു കത്തീഡ്രൽ വികാരി ഫാ. ജോഷി പുലിക്കോട്ടിൽ വിശ്വാസികളെ ഉത്ബോധിപ്പിച്ചു. ലഹരിക്കെതിരേ നൂറുകണക്കിന് വിശ്വാസികളാണ് കത്തീഡ്രൽ സ്ക്വയറിൽ ഒരുമിച്ചു കൂടിയത്. വരുംതലമുറയെ നാശത്തിലേക്കു തള്ളിവിടുന്ന ഈ മഹാവിപത്തിനെതിരെ ഒറ്റക്കെട്ടായി അണിചേരുമെന്നും മയക്കുമരുന്നു മാഫിയക്കെതിരേ ശക്തമായി പ്രതിഷേധിക്കുമെന്നും പ്രതിജ്ഞയെടുത്തു. വൈദികരും സിസ്റ്റേഴ്സും വിവിധ സംഘടനാ ഭാരവാഹികളും ഇടവക കൈക്കാരന്മാരും പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തു.