അഗളി ഗ്രാമപഞ്ചായത്ത് ബജറ്റിൽ കാർഷിക, ഭവനനിർമാണ മേഖലയ്ക്കു മുൻഗണന
1535911
Monday, March 24, 2025 1:19 AM IST
അഗളി: കാർഷികമേഖലയ്ക്കും ഭവന നിർമാണത്തിനും കുടിവെള്ളം, യുവജനക്ഷേമം, ടൂറിസം പദ്ധതി എന്നിവക്ക് മുൻഗണനനൽകി അഗളി ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു.
96,36,25,883 രൂപ വരവും, 95,75,43,000 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീലക്ഷ്മി ശ്രീകുമാറാണ് അവതരിപ്പിച്ചത്.
ഭവന നിർമാണത്തിന് 32 കോടി, കുടിവെള്ളം രണ്ടു കോടി 30 ലക്ഷം, മാലിന്യ സംസ്കരണത്തിന് അഞ്ചു കോടി, ഇൻഡോർ സ്റ്റേഡിയം നിർമാണത്തിനു 50 ലക്ഷം,ആരോഗ്യ മേഖലയ്ക്കു ഒരുകോടി 80 ലക്ഷം, കാൻസർ, കിഡ്നി രോഗികളുടെ ക്ഷേമത്തിന് 33 ലക്ഷം, പട്ടികജാതി- വർഗ വിഭാഗക്കാർക്ക് ഉന്നത വിദ്യാഭ്യാസത്തിനും സിവിൽ സർവീസ് പരിശീലനത്തിനുമായി ഒരുകോടി 15 ലക്ഷം, റോഡ് വികസനത്തിന് അഞ്ചുകോടി 52 ലക്ഷം, ജലസേചനത്തിനു ഒരുകോടി 15 ലക്ഷം എന്നിങ്ങനെയാണ് തുക വകയിരുത്തിയിരിക്കുന്നത്.
പ്രസിഡന്റ് അംബിക ലക്ഷണൻ അധ്യക്ഷയായി. സ്ഥിരംസമിതി ചെയർപേഴ്സൺമാരായ മഹേശ്വരി രവികൃഷ്ണൻ, പ്രീത മനോജ്, മറ്റു പഞ്ചായത്തംഗങ്ങളായ ജോസ് പനക്കമറ്റം, പരമേശ്വരൻ, കെ.ടി. ബെന്നി, എ. മിനി, പഞ്ചായത്ത് സെക്രട്ടറി വിജി ഗോപകുമാർ, അക്കൗണ്ടന്റ് കാളിയമ്മ പ്രസംഗിച്ചു.