"മൂവി'ന്റെ ലഹരിവിരുദ്ധ പ്രവർത്തനത്തിനു പിന്തുണയുമായി തൊഴിലാളി പ്രസ്ഥാനങ്ങൾ
1535907
Monday, March 24, 2025 1:19 AM IST
മണ്ണാർക്കാട്: ലഹരി സംഘങ്ങൾക്കെതിരായ പോരാട്ടം എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന മൂവ് കൂട്ടായ്മയുടെ നേതൃത്വത്തിൽ മണ്ണാർക്കാട്ടെ ട്രേഡ് യൂണിയൻ, ഡ്രൈവേഴ്സ് യൂണിയൻ തുടങ്ങിയവയുടെ സംഘടനാ നേതാക്കളെയും യൂണിയൻ നേതാക്കളെയും പങ്കെടുപ്പിച്ച് യോഗം ചേർന്നു.
മൂവിന്റെ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച നേതാക്കൾ അവരവരുടെ സംഘടനകളെ പ്രതിനിധീകരിച്ച് മൂവ് രൂപീകരിക്കുന്ന വിജിലൻസ് കമ്മറ്റിയിലേക്ക് പ്രതിനിധികളെ നൽകാമെന്നും അറിയിച്ചു.
കൂടാതെ മനുഷ്യച്ചങ്ങല, മനുഷ്യമതിൽ, പ്രദേശികതല കൂട്ടായ്മകൾ, ബോധവത്കരണങ്ങൾ, നോട്ടീസ് ഉൾപ്പെടെ തയാറാക്കി എല്ലാ തൊഴിലാളികളെയും സംഘടിപ്പിച്ചുള്ള പ്രവർത്തനങ്ങൾക്ക് നേതാക്കൾ പരിപൂർണ സഹകരണം വാഗ്ദാനം ചെയ്തു.
രാഷ്ട്രീയ ചിന്തകൾക്കതീതമായി നാടിന്റെ സമാധാനം തകർക്കുന്ന രാസലഹരിയുടെ വിൽപനയും ഉപയോഗവും ഇല്ലാതാക്കാൻ എല്ലാ വിഭാഗം തൊഴിലാളികളുടെയും ഉറച്ച പിന്തുണ അറിയിച്ചു.
വില്പനയും വിതരണവും സംബന്ധിച്ച വിവരങ്ങൾ അറിയിക്കുന്നപക്ഷം അറിയിക്കുന്നവരുടെ വിവരം രഹസ്യമാക്കി ബന്ധപ്പെട്ട അധികാരികൾക്ക് വിവരങ്ങൾ കൈമാറുമെന്നു യോഗത്തിന് അധ്യക്ഷത വഹിച്ച മൂവ് ചെയർമാൻ ഡോ.കെ.എ. കമ്മപ്പ ഉറപ്പുനൽകി. മൂവിന്റെ പ്രവർത്തനങ്ങൾക്ക് യോഗം വലിയ ഊർജം നൽകിയെന്നും മനുഷ്യ ചങ്ങലയിൽ കുടുംബാംഗങ്ങളേയും പങ്കെടുപ്പിക്കണമെന്നും മൂവ് ജനറൽ കൺവീനർ എം. പുരുഷോത്തമൻ പറഞ്ഞു.
ട്രേഡ് യൂണിയൻ നേതാക്കളായ പി.ആർ. സുരേഷ്, കെ.പി. മസൂദ്, വി.വി. ഷൗക്കത്തലി, നാസർ പാതാക്കര, കൗൺസിലർ അരുൺ കുമാർ പാലക്കുറുശ്ശി, വിവിധ യൂണിയൻ നേതാക്കളായ എം. അജേഷ്, കെ. ശിവദാസൻ, എൻ. സുന്ദരൻ, കെ. ഫിറോസ്, വി. ഉസ്മാൻ, വി. മോഹൻ ദാസ്, കുഞ്ഞുമുഹമ്മദ് മുത്തുട്ടി, ബഷീർ, എം.കെ. സാദിഖ്, പി. സൈതലവി, ഇസ്ഹാഖ്, പി.കെ. ഉമ്മർ, ഷിഹാബ്, വി.കെ. അബ്ബാസ്, എം. മുഹമ്മദ് ഷമീർ, സുനിൽകുമാർ, മൂവ് പ്രവർത്തകരായ ഫിറോസ് ബാബു, കെ.വി.എ. റഹ്മാൻ, കൃഷ്ണദാസ് കൃപ, ബഷീർ കുറുവണ്ണ, ഉമ്മർ റീഗൽ തുടങ്ങിയവർ പങ്കെടുത്തു.