കുടുംബശ്രീയുടെ ഉദ്യമത്തിന് റിക്കാർഡ് നേട്ടം
1535745
Sunday, March 23, 2025 6:40 AM IST
പാലക്കാട്: ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ അജൈവമാലിന്യങ്ങളിൽ നിന്നും പുനരുപയോഗിക്കാവുന്ന വസ്തുക്കൾ നിർമിക്കുന്നതിനുള്ള മെഗാ പരിശീലനപരിപാടിയും ജില്ലയിലെ വിവിധ മേഖലകളിൽ നിന്ന് കുടുംബശ്രീ സ്നേഹിതയുടെ നേതൃത്വത്തിലുള്ള കത്ത് സമാഹരവും ടാലന്റ് ബുക്ക് ഓഫ് റിക്കാർഡിൽ ഇടം കരസ്ഥമാക്കി.
ചടങ്ങിൽ കേരള ഗിന്നസ് റിക്കാർഡ് ഹോൾഡേഴ്സ് സംസ്ഥാന പ്രസിഡന്റ് ഗിന്നസ് സത്താർ ആദൂർ ജില്ലാ കുടുംബശ്രീയെ അവാർഡ് ജേതാക്കളായി പ്രഖ്യാപിച്ചു. ഏറ്റവും കൂടുതൽ കത്തുകൾ ലഭിക്കപ്പെട്ട ജൻഡർ സപ്പോർട്ട് സംരംഭം, ഒരു ജില്ലയിൽ സ്ത്രീകൾ നയിക്കുന്ന ഏറ്റവുംവലിയ പുനരുത്പാദന പരിശീലനപരിപാടി എന്നീ വിഭാഗങ്ങളിലാണ് കുടുംബശ്രീ അവാർഡ് കരസ്ഥമാക്കിയത്.

ജില്ലാ കുടുംബശ്രീമിഷന്റെ നേതൃത്വത്തിൽ മാലിന്യമുക്ത നവകേരള കാന്പയിനുമായി ബന്ധപ്പെട്ട അജൈവമാലിന്യങ്ങളിൽ നിന്നും ഉപകാരപ്രദമായ വസ്തുക്കളും വിവിധതരം അലങ്കാരങ്ങൾക്കും മറ്റും ഉപയോഗിക്കാവുന്ന വസ്തുക്കളും വില്പനയ്ക്ക് കഴിയുന്നതുമായ വസ്തുക്കളും നിർമിക്കുന്നതിനുള്ള മെഗാ പരിശീലനപരിപാടിയാണ് സംഘടിപ്പിച്ചത്.
അപ്സൈക്കിളിംഗ് ആർട്ട് എന്നു പേരു നൽകിയിട്ടുള്ള പരിശീലനപരിപാടിയിൽ ജില്ലയിലെ 97 സിഡിഎസുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 333 വനിതകൾക്കാണ് പരിശീലനം നൽകാൻ തീരുമാനിച്ചിരുന്നത് എങ്കിലും 358 രജിസ്ട്രേഷനുകൾ രേഖപ്പെടുത്തി.
സമൂഹത്തിൽ അതിക്രമങ്ങളും ചൂഷണങ്ങളും നേരിടുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷ ഉറപ്പാക്കി 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്ക് സ്ഥാപനം പത്തുവർഷം പിന്നിടുന്ന അവസരത്തിൽ സ്നേഹിതയുടെ സേവനം കൂടുതൽ ആളുകളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യം മുൻനിർത്തിക്കൊണ്ട് ജില്ലയിലെ വിവിധ മേഖലകളിലുള്ള കുടുംബശ്രീ അംഗങ്ങളിൽ നിന്നും സ്ത്രീ സുരക്ഷയും ശാക്തീകരണവും എന്ന വിഷയത്തിൽ 3333 കത്തുകളാണ് ശേഖരിച്ചിരുന്നത്. കോട്ടമൈതാനത്ത് നടന്ന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ നിർവഹിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. ചാമുണ്ണി അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സണ് പ്രമീള ശശിധരൻ വിശിഷ്ടാതിഥിയായി. എ. പ്രേംകുമാർ, പി. സെയ്തലവി, കെ.കെ. ചന്ദ്രദാസ്, സുലോചന, ഉണ്ണികൃഷ്ണൻ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.