തോട്ടിൽ മുറിച്ചിട്ട മരങ്ങൾ ശാന്തിനഗർ നിവാസികൾക്ക് ഭീഷണിയായി
1535744
Sunday, March 23, 2025 6:40 AM IST
ഒറ്റപ്പാലം: കണ്ണിയംപുറം തോട്ടിൽ മുറിച്ചിട്ട മരങ്ങൾ ഭീഷണി ഉയർത്തുന്നു. ഒഴുക്കിന് തടസം സൃഷ്ടിച്ചുകൊണ്ടാണ് വൻമരങ്ങൾ തോട്ടിൽ കിടക്കുന്നത്. ഇതുമൂലം പ്രദേശവാസികളായ ശാന്തിനഗർ നിവാസികളാണ് ഭീഷണി നേരിടുന്നത്.
കണ്ണിയംപുറം റെയിൽവേപാലത്തിന്സമീപം തോട്ടിലേക്ക് വെട്ടിയിട്ട അഞ്ചുമരങ്ങളാണ് ആശങ്കയുയർത്തുന്നത്. ശക്തമായി മഴപെയ്താൽ പെട്ടെന്നുതന്നെ വെള്ളംകയറുമെന്നതാണ് ആശങ്കയ്ക്ക് കാരണം. വെള്ളം ഒഴുകിപ്പോകാൻപോലും പറ്റാത്ത വിധത്തിലാണ് വൻമരങ്ങൾ മുറിച്ച് തോട്ടിലേക്ക് തള്ളിയിരിക്കുന്നതെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. കണ്ണിയംപുറം തോടിന് സമീപത്തുള്ള സ്വകാര്യസ്ഥലത്തെ മരങ്ങൾ രണ്ടാഴ്ച മുന്പാണ് വെട്ടിയത്. പലമരങ്ങളും മുറിച്ചിട്ടത് തോട്ടിലേക്കാണ്.
സ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലിയുള്ള ആശയക്കുഴപ്പവുമുണ്ടായി. ഫലത്തിൽ രണ്ടാഴ്ചയിലേറെയായി മുറിച്ചിട്ടമരങ്ങൾ തോട്ടിൽത്തന്നെ കിടക്കയാണ്. കഴിഞ്ഞദിവസംപെയ്ത ശക്തമായ മഴയിൽ തോട്ടിൽ അൽപ്പം വെള്ളം ഉയർന്നിരുന്നു. ഇതോടെയാണ് ശാന്തിനഗറുകാർ ആശങ്കയിലായത്. ഇത് ഉടൻമാറ്റി തോട് വൃത്തിയാക്കിയില്ലെങ്കിൽ ശാന്തിനഗറിൽ വീണ്ടും വെള്ളപ്പൊക്കത്തിന് കാരണമാകുമെന്ന ആശങ്കയാണുള്ളത്. ശാന്തിനഗറിൽ 50-ഓളം കുടുംബങ്ങളാണ് താമസിക്കുന്നത്.
കഴിഞ്ഞ ജൂലായിൽ ഈ പ്രദേശത്ത് വെള്ളമുയർന്ന് കുടുംബങ്ങൾക്ക് മാറിത്താമസിക്കേണ്ടി വന്നിരുന്നു. ആറടിയിലേറെ ഉയരത്തിലാണ് അന്ന് വെള്ളം പൊങ്ങിയിരുന്നത്.
2018-ലും 2019-ലും സമാനരീതിയിലുള്ള പ്രശ്നങ്ങൾ ശാന്തിനഗറുകാർക്ക് അഭിമുഖീകരിക്കേണ്ടി വന്നിരുന്നു. മരങ്ങൾ തോട്ടിൽനിന്നുമാറ്റാൻ ഉടൻ നടപടി സ്വീകരിക്കുമെന്ന് നഗരസഭാ അധികൃതർ അറിയിച്ചു.