മുക്കുപണ്ടപണയത്തട്ടിപ്പ്; പ്രതികളെ റിമാൻഡ്ചെയ്തു
1535742
Sunday, March 23, 2025 6:40 AM IST
ഒറ്റപ്പാലം: സഹകരണ അർബൻബാങ്കിന്റെ പത്തിരിപ്പാലശാഖയിൽ നടന്ന മുക്കുപണ്ട പണയതട്ടിപ്പുകേസിൽ അറസ്റ്റിലായ ബാങ്കുദ്യോഗസ്ഥനും ജനപ്രതിനിധിയുമടക്കം ഏഴ്പേരെ കോടതി റിമാൻഡ് ചെയ്തു. തെളിവെടുപ്പിനും മറ്റു കാര്യങ്ങൾക്കുമായി ഉടൻതന്നെ പോലീസ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങും. നേരത്തെ കേസിലുൾപ്പെട്ടവർ മുൻകൂർ ജാമ്യത്തിനായി ജില്ലാ കോടതിയെ സമീപിച്ചിരുന്നു.
ഇവരുടെ ജാമ്യാപേക്ഷ കോടതി തള്ളിയതിന് തൊട്ടുപുറകെയാണ് അറസ്റ്റുണ്ടായത്. പത്തിരിപ്പാല ശാഖയിലെ സീനിയർ അക്കൗണ്ടന്റായിരുന്ന മോഹനകൃഷ്ണൻ, സഹോദരിയും കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ലക്ഷ്മീദേവി, ഇവരുടെ ഭർത്താവും സിപിഎം തേങ്കുറുശി ലോക്കൽ കമ്മിറ്റി അംഗവുമായ കെ.വി. വാസുദേവൻ, മകൻ വിവേക്, വിവേകിന്റെ ഭാര്യ ശരണ്യ, ഹരിലാൽ, അരവിന്ദ് ത്യാഗരാജൻ എന്നിവരെയാണ് ഒറ്റപ്പാലം പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
ബാങ്കിലെ സീനിയർ അക്കൗണ്ടന്റ് ആയ മോഹനകൃഷ്ണൻ ബന്ധുക്കളിൽനിന്നും സുഹൃത്തുക്കളിൽനിന്നുമായി മുക്കുപണ്ടം സ്വീകരിച്ച് 45.50 ലക്ഷം രൂപ തട്ടിയെന്ന ബാങ്ക് മാനേജരുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റുണ്ടായത്.
മോഹനകൃഷ്ണൻ, ലക്ഷ്മീദേവി, കെ.വി. വാസുദേവൻ, വിവേക് എന്നിവർക്കെതിരെയാണ് നിലവിൽ കേസ് ഉണ്ടായിരുന്നത്. തുടരന്വേഷണത്തിലാണ് ബാങ്ക് ഉദ്യോഗസ്ഥന്റെ സുഹൃത്തുക്കളായ കൊല്ലം, തിരുവനന്തപുരം സ്വദേശികളായ ഹരിലാൽ, അരവിന്ദ് ത്യാഗരാജൻ എന്നിവരെകൂടി പോലീസ് പ്രതികളാക്കിയത്. ഫോൺരേഖകൾ പരിശോധിച്ചാണ് പ്രതികളെ പോലീസ് പിടികൂടിയത്.
ബാങ്കിന്റെ പരിശോധനയിൽ 27 ലക്ഷം രൂപയും പിന്നീട് പോലീസ് നടത്തിയ വിശദമായ പരിശോധനയിൽ 18.50 ലക്ഷം രൂപയും തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തിയത്. പണം വീണ്ടെടുക്കാൻ ബാങ്കിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥന്റെ സ്വത്തു കണ്ടുകെട്ടൽ നടപടികളിലേക്കു കടന്നിട്ടുണ്ട്. തുടരന്വേഷണത്തിൽ മാത്രമാണ് തട്ടിയെടുത്ത പണം പ്രതികൾ എന്തിനുവേണ്ടി വിനിയോഗിച്ചു എന്നതടക്കമുള്ള കാര്യങ്ങൾ പോലീസിന് കണ്ടെത്താനാകൂ.