വില്ലേജ് ഓഫീസുകളിൽ ജീവനക്കാരുടെ കുറവ് ജനത്തിന് ദുരിതമാകുന്നു
1535741
Sunday, March 23, 2025 6:40 AM IST
നെന്മാറ: വില്ലേജ് ഓഫീസുകളിൽ ജീവനക്കാരുടെ കുറവുമൂലം സാധാരണക്കാർ ദുരിതത്തിൽ. ചിറ്റൂർ താലൂക്കിലെ കയറാടി വില്ലേജിൽ ഓഫീസർ ഇല്ലാതായിട്ട് രണ്ടുമാസം. പൊതുജനങ്ങൾ നിരന്തരം ബന്ധപ്പെടുന്ന ഓഫീസുകളിലെ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതുമൂലം നിരവധി സാങ്കേതികപ്രശ്നങ്ങളും ഉടലെടുക്കുന്നു. തിരുവഴിയാട് വില്ലേജിൽ സ്പെഷൽ വില്ലേജ് ഓഫീസർ തസ്തികയും മാസങ്ങളായി ഒഴിഞ്ഞു കിടക്കുന്നു.
കയറാടി വില്ലേജിൽ നിലവിലുണ്ടായിരുന്ന വില്ലേജ് ഓഫീസർ നെല്ലിയാമ്പതിയിലേക്ക് ജനുവരിയിൽ സ്ഥലം മാറിയതോടെയാണ് ഒഴിവ് വന്നത്. പകരം ആളെ നിയമിച്ചെങ്കിലും പുതിയ സ്ഥലത്ത് കയറാടിയിൽ ജോലിയിൽ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ അദ്ദേഹം നാട്ടിലേക്ക് സ്ഥലം മാറ്റം വാങ്ങി പോയതോടെയാണ് കയറാടി വില്ലേജിൽ ഒഴിവ് വന്നത്.
തിരുവഴിയാട് വില്ലേജിലെ സ്പെഷൽ വില്ലേജ് ഓഫീസറും സ്ഥലം മാറ്റത്തിനുശേഷം പകരം ആളെ നിയമിച്ചിട്ടില്ല. കയറാടിയിൽ തിരുവഴിയാട് വില്ലേജ് ഓഫീസർക്ക് അധിക ചുമതല നൽകിയാണ് അത്യാവശ്യ കാര്യങ്ങൾ നടന്നു പോകുന്നത്.
തിരുവഴിയാട് സ്പെഷൽ വില്ലേജ് ഓഫീസർ തസ്തികയും ഒഴിഞ്ഞു കിടക്കുന്നതിനാൽ ഇരു വില്ലേജുകളിലും സാമ്പത്തിക വർഷാവസാനത്തെ നികുതി കുടിശിക പിരിവ്, റവന്യൂ റിക്കവറി, ഫീൽഡ് പരിശോധന എന്നിവയ്ക്കും ബുദ്ധിമുട്ട് നേരിടുന്നു. വില്ലേജ്തല ജനകീയ സമിതികളും മാസങ്ങൾക്ക് മുന്പേ വില്ലേജുകളിലെ ഒഴിഞ്ഞുകിടക്കുന്ന തസ്തികകളിൽ പകരം ആളെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അധികൃതർ നടപടി കൈക്കൊണ്ടില്ലെന്നാണ് പ്രദേശവാസികളുടെ പരാതി.
ഫീൽഡ് പരിശോധന, തരംമാറ്റം, പട്ടയം അപേക്ഷ തുടങ്ങി നിരവധി കാര്യങ്ങളിൽ ഉത്തരവാദിത്തപ്പെട്ട തസ്തികളുടെ ജീവനക്കാരുടെ കുറവ് അടിയന്തരമായി നികത്തേണ്ടതുണ്ട്.
പ്രമോഷൻ തസ്തികകൾ ആയതിനാൽ പുതിയ പ്രമോഷൻ നടത്തിയോ സ്ഥലംമാറ്റത്തിലൂടെയൊ ജീവനക്കാരെ നിയമിച്ച് വില്ലേജുകളുടെ പ്രവർത്തനം സുഗമമാക്കണമെന്ന ആവശ്യം ശക്തമായി.