നെന്മാറ-വല്ലങ്ങി വേല: ദേശങ്ങളിൽ ഇന്ന് കൂറയിടും
1535740
Sunday, March 23, 2025 6:40 AM IST
നെന്മാറ: നെന്മാറ-വല്ലങ്ങി വേലയുടെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ഇരുദേശത്തും ഇന്ന് മുളംകൂറ നാട്ടും. ഏപ്രിൽ മൂന്നിനാണ് നെന്മാറ-വല്ലങ്ങി വേല. നെന്മാറ -വല്ലങ്ങി ദേശമന്ദുകളിൽ പരമ്പരാഗത ചടങ്ങുകളോടെയാണ് കൂറയിടുക. രാവിലെ 9ന് കൂറയിടൽ ചടങ്ങ് തുടങ്ങും.
അയിനംപാടത്തുനിന്ന് മുളകൾകൊണ്ടുവന്ന് കുരുത്തോലയും മാവിലയുംകൊണ്ട് അലങ്കരിച്ച് മേളത്തിന്റേയും ആർപ്പുവിളികളുടേയും അകമ്പടിയോടെയാണ് നെന്മാറ ദേശത്തിന്റെ മന്ദിലും വേട്ടയ്ക്കൊരുമകൻ ക്ഷേത്രത്തിലും കൂറയിടുക. വിത്തനശേരി പടിവെട്ടം വീട്ടിൽനിന്നെത്തിച്ച മുള അലങ്കരിച്ചാണ് വല്ലങ്ങി ദേശമന്ദിൽ മുളംകൂറയിടുക.
കൂറയിടുന്നതോടെ നെന്മാറ ദേശത്ത് കണ്യാറിന്റെ ഭാഗമായി കുമ്മാട്ടി നടക്കും. മനങ്ങോട്, കണിമംഗലം, വേട്ടയ്ക്കൊരുമകൻ, പുത്തൻതറ ഭാഗങ്ങളിൽനിന്ന് കുമ്മാട്ടികളെത്തി മന്ദത്ത് സംഗമിച്ചാണ് വലിയ കുമ്മാട്ടി നടക്കുക. വല്ലങ്ങിദേശത്ത് കണ്യാർകളിയാണ് നടത്തുക. നെന്മാറപ്പാടം, തെക്കേത്തറ, വടക്കേത്തറ ദേശങ്ങൾ ഒൻപതുദിവസം കണ്യാർകളി നടത്തും.