ഫുട്ബോൾ കോച്ചുകൾക്കുള്ള ത്രിദിന പരിശീലനത്തിന് തുടക്കം
1535739
Sunday, March 23, 2025 6:40 AM IST
പാലക്കാട്: ജില്ലയിലെ ഫുട്ബോൾ കോച്ചുമാർക്ക് വേണ്ടി ടാലന്റസ് ഫുട്ബോൾ അക്കാദമി സംഘടിപ്പിക്കുന്ന ത്രിദിനപരിശീലന പരിപാടിക്ക് തുടക്കമായി. കളിക്കാരുടെ വ്യക്തിഗത കഴിവും പ്രതിസന്ധി പരിഹാരമാർഗവും ടീമിന്റെ വിജയത്തിന് ആവശ്യമായ തന്ത്രങ്ങൾ വികസിപ്പിക്കാനും ഉതകുന്ന തരത്തിലാണ് സിലബസുകളാണ് പഠിപ്പിക്കുന്നത്.
സഹനശേഷി വർധിപ്പിക്കാനുള്ള വ്യായാമങ്ങളും മത്സരങ്ങളിൽ അനുഭവപ്പെടുന്ന പ്രയാസങ്ങളെ ദൂരീകരിക്കാനുമുളള കഴിവുകളും പകർന്നു നൽകി കോച്ചുമാരെ പ്രാപ്തരാക്കുക എന്നതാണ് വർക്ക്ഷോപ്പിലൂടെ ലക്ഷ്യം വെക്കുന്നത്. മുൻ സന്തോഷ്ട്രോഫി താരം ഡോ.പി.കെ. രാജഗോപാൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ടാലന്റസ് ഫുട്ബോൾ അക്കാദമി പ്രസിഡന്റ്് നിഖിൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു.
കായികകേരളത്തിന്റെ ആചാര്യൻ പ്രഫ. എം.സി. രാധാകൃഷ്ണൻ, മുൻ സന്തോഷ് ട്രോഫി കോച്ച് പി.കെ. രാജീവ്, ഡിഎഫ്എ ജോ.സെക്രട്ടറി സുരേഷ് കുമാർ, ട്രഷറർ സി.സി. പയസ്, ജോ. സെക്രട്ടറിമാരായ പ്രസാദ്, ഭവദാസ് തുടങ്ങിയവർ പ്രസംഗിച്ചു. 25 ഓളം പഠിതാക്കൾ പരിശീലനത്തിൽ പങ്കെടുക്കുന്നുണ്ട്. റിസോഴ്സ് പേഴ്സണ്‍ ഡോ.ടി.ജി. അനു പരിശീലനത്തിന് നേതൃത്വം നൽകി.