തൊഴുത്തിൽകെട്ടിയിരുന്ന ആടുകൾ ചത്തനിലയിൽ; പുലിയുടെ ആക്രമണമെന്ന് സംശയം
1535738
Sunday, March 23, 2025 6:40 AM IST
അഗളി: അട്ടപ്പാടി പുതൂർ കൂടപ്പെട്ടിയിൽ തൊഴുത്തിൽ കെട്ടിയിരുന്ന നാല് ആടുകളെ ചത്തനിലയിൽ കണ്ടെത്തി. പുലിയുടെ ആക്രമണമെന്ന് സംശയിക്കുന്നതായി ഫോറസ്റ്റ് അധികൃതർ പറഞ്ഞു. തൊഴുത്തിൽ വേറെയും ആടുകൾ ഉണ്ടായിരുന്നു. കൂടപ്പെട്ടിയിലെ മോഹനസുന്ദരിയുടെ ആടുകളാണ് വന്യമൃഗാക്രമണത്തിൽ ചത്തത്.
ജഡം പോസ്റ്റ്മോർട്ടത്തിനുശേഷം മറവ്ചെയ്തു. ഉടമസ്ഥയ്ക്ക് മതിയായ നഷ്ടപരിഹാരം നൽകുമെന്ന് വനംവകുപ്പ് അറിയിച്ചു. സംഭവത്തെ തുടർന്ന് തൊഴുത്തിന് സമീപത്തായി വനംവകുപ്പ് കാമറ സ്ഥാപിച്ചു.
ഏതാനും ദിവസങ്ങൾക്കു മുമ്പ് പ്രദേശത്ത് പുലിയുടെ ജഡം കണ്ടെത്തിയിരുന്നു. അഗളി പുതൂർ പഞ്ചായത്തിലെ പല ഭാഗങ്ങളിൽ പുലി പ്രത്യക്ഷപ്പെടുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടി. വെള്ളിയാഴ്ച രാത്രി ഗവ. ആശുപത്രിക്ക് പിൻഭാഗത്തായി പുലിയെ കണ്ടിരുന്നു.
രാത്രി 9.30 ഓടെ ആനക്കട്ടി-മണ്ണാർക്കാട് പ്രധാനപാത മുറിച്ചുകടന്ന പുലിയെ അഗളി ആർടി സംഘം എത്തി പുത്തുക്കുട്ടി മലവാരത്തേക്ക് തുരത്തി വിട്ടു. പ്രദേശത്ത് ആഴ്ചകളായി പലഭാഗങ്ങളിൽ പുലി പ്രത്യക്ഷപ്പെട്ടിരുന്നു.
സർക്കാർ ആശുപത്രിക്ക് സമീപം സ്ഥിതിചെയ്യുന്ന അഗളി എൽപി സ്കൂൾ പരിസരത്ത് പുലിയേയും ആടിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് വനംവകുപ്പ് സ്കൂൾ പരിസരത്ത് കാമറ സ്ഥാപിച്ചെങ്കിലും പുലിസാന്നിധ്യം കണ്ടെത്താനായില്ല. പുലിശല്യം രൂക്ഷമായതോടെ പ്രദേശവാസികൾ അതീവ ഭീതിയിലാണ്.