അങ്കണവാടിയിൽ പിഞ്ചുകുട്ടികളുടെ മുന്നിൽ ബഹളംവച്ച് കുട്ടികളെ ഭീതിയിലാക്കിയതായി പരാതി
1535737
Sunday, March 23, 2025 6:40 AM IST
മംഗലംഡാം: അങ്കണവാടിയിൽ പിഞ്ചുകുട്ടികളുടെ മുന്നിൽ ബഹളം വച്ച് കുട്ടികളെ ഭീതിയിലാക്കിയ ജീവനക്കാർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ ഐസിഡിഎസ് ഓഫീസറുടെ ഓഫീസിലെത്തി പ്രതിഷേധിച്ചു.
പൂതംകോട് അങ്കണവാടിയിലെ ജീവനക്കാരാണ് പ്രവൃത്തിസമയത്ത് കുട്ടികളുടെ മുന്നിൽവച്ച് മാലിന്യവിഷയവുമായി ബന്ധപ്പെട്ട് മറ്റൊരു സ്ത്രീയുമായി അസഭ്യവർഷം നടത്തുകയും കുട്ടികളിൽ ഭീതി ജനിപ്പിക്കും വിധം പെരുമാറുകയും ചെയ്തെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു.
കോൺഗ്രസ് മണ്ഡലംപ്രസിഡന്റ് കെ.എം. ശശീന്ദ്രൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് എൻ. അശോകൻ മാസ്റ്റർ, പഞ്ചായത്തംഗങ്ങളായ ഡിനോയ് കോമ്പാറ, ആർ. സുരേഷ്, ബ്ലോക്ക് സെക്രട്ടറിമാരായ പ്രമോദ് തണ്ടലോട്, വി. പ്രകാശൻ, കെ.പി. കൃഷ്ണൻ, കെ. ലക്ഷ്മണൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.