ലക്കിടി റെയിൽവേ ഗേറ്റ് അടച്ചിടുന്നതു പതിവാകുന്നു
1482393
Wednesday, November 27, 2024 4:44 AM IST
ഒറ്റപ്പാലം: ലക്കിടി റെയിൽവേ ഗേറ്റ് അടച്ചിടുന്നതു പതിവാകുന്നു, ജനങ്ങൾ ദുരിതത്തിൽ.
അറ്റകുറ്റപ്പണികൾക്കായിട്ടാണ് പലപ്പോഴും ഗേറ്റ് അടച്ചിടുന്നത്. ഗേറ്റ് അടച്ചിടുന്നത് പതിവായതോടെ യാത്രക്കാരാണ് ദുരിതത്തിലായത്. ജീവിതോപാധി തേടിയും വിദ്യാഭ്യാസത്തിനും ചികിത്സയ്ക്കും മരണാനന്തരക്രിയകൾക്കുമായി നിരവധിപേരാണ് ഈ ഗേറ്റിലൂടെ യാത്രചെയ്യുന്നത്. ഗേറ്റ് അടച്ചാൽ യാത്രക്കാരുടെ ഏക ആശ്വാസം അപകടം പതിയിരിക്കുന്ന ഓവുപാലം വഴിയാണ്. ചെളിയും പാറക്കല്ലുകളും നിറഞ്ഞ 300 മീറ്റർ വഴിയിലൂടെ ജീവൻ പണയംവച്ചാണു യാത്ര.
ഓവുപാലത്തിന്റെ തുടക്കത്തിലുള്ള പാറക്കല്ലിലൂടെയുള്ള യാത്ര ഏറെ അപകടം നിറഞ്ഞതാണ്. ചെളിയിൽ പുരണ്ടുവരുന്ന ചക്രങ്ങളൊന്നു തെന്നിനീങ്ങിയാൽ പാറക്കല്ലിൽ വീഴ്ച ഉറപ്പ്.
തുടരെയുള്ള ഗേറ്റ് അടവിനു പരിഹാരമായി ഈ ഓവുപാലംവഴി നന്നാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. വർഷങ്ങൾക്കു മുന്പ് മണൽകയറ്റിയ വലിയ ലോറികൾ സഞ്ചരിച്ചിരുന്ന പാതയാണിത്. അവഗണനകൊണ്ടാണ് വഴി ഇത്രയേറെ സഞ്ചാരയോഗ്യമല്ലാതായതെന്നാണ് നാട്ടുകാരുടെ പരാതി.
മേൽപ്പാലത്തിനുവേണ്ടിയുള്ള മുറവിളിക്ക് പതിറ്റാണ്ടുകൾ പഴക്കമുണ്ടെങ്കിലും നടപടിയൊന്നുമില്ല. മാസങ്ങൾക്കുമുൻപ് മേൽപ്പാലനിർമാണവുമായി ബന്ധപ്പെട്ട് അളവെടുത്തുപോയതല്ലാതെ നടപടികളൊന്നുമില്ല. ഗേറ്റടവുകൊണ്ട് സ്വകാര്യബസുകളും പൊറുതിമുട്ടി. ഗേറ്റിലെത്തി തിരിച്ചുവരുന്നതിനാൽ ദിവസവരുമാനവും കുറവാണെന്നു ബസുടമകളും തൊഴിലാളികളും പറയുന്നു.