റേഷൻകടകളിലൂടെ വെളിച്ചെണ്ണ വിതരണം ചെയ്യണമെന്ന് ആവശ്യം
1481508
Sunday, November 24, 2024 1:08 AM IST
കോയമ്പത്തൂർ: തമിഴ്നാട്ടിലുടനീളം റേഷൻ കടകളിലെ പാമോയിൽ വില്പന നിരോധിക്കുക, തദ്ദേശീയർ ഉത്പാദിപ്പിക്കുന്ന വെളിച്ചെണ്ണ കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കക്ഷിരാഷ്ട്രീയ ഭേദമന്യേ തമിഴ്നാട് ഫാർമേഴ്സ് അസോസിയേഷനും എയർമുനൈ യൂത്ത് വിംഗും മേട്ടുപ്പാളയം ബസ് സ്റ്റാൻഡിൽ പ്രതിഷേധ പ്രകടനം നടത്തി.
അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഷൺമുഖത്തിന്റെ നേതൃത്വത്തിൽ നടന്ന പ്രകടനത്തിൽ ഈ നടപടി സംസ്ഥാനത്തെ പൊതുജനങ്ങൾക്കും കർഷകർക്കും ഒരുപോലെ ഗുണം ചെയ്യുമെന്ന് അവർ പറഞ്ഞു.
പല രാജ്യങ്ങളിലും നിരോധിച്ച പാമോയിൽ പൊതുജനങ്ങൾക്കിടയിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. റേഷൻ കടകൾ വഴിയുള്ള വെളിച്ചെണ്ണ വിതരണം പ്രോത്സാഹിപ്പിച്ച് പൊതുജനങ്ങൾക്കും കർഷകർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന പദ്ധതി സംസ്ഥാന സർക്കാർ നടപ്പാക്കണമെന്ന് അവർ ആവശ്യപ്പെട്ടു. തമിഴ്നാട് കർഷകസംഘം നേതാവ് വേണുഗോപാലും നിരവധി കർഷകരും പ്രകടനത്തിൽ പങ്കെടുത്തു.