ലിറ്റില്‍ കൈറ്റ്സ് ഉപജില്ലാ ക്യാമ്പുകള്‍ക്കു തുടക്കം
1481918
Monday, November 25, 2024 5:28 AM IST
പാലക്കാട്: പൊതുവിദ്യാലയങ്ങളില്‍ കേരളാ ഇന്‍ഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷന്‍ (കൈറ്റ്) ന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ലിറ്റില്‍ കൈറ്റ്സ് പദ്ധതിയുടെ ഭാഗമായി യൂണിസെഫ് സഹായത്തോടെ സംഘടിപ്പിക്കുന്ന പാലക്കാട് ദ്വിദിന ഉപജില്ലാ ക്യാമ്പുകള്‍ തുടങ്ങി.
എ.ഐ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഭിന്നശേഷി കുട്ടികള്‍ക്കു കൈത്താങ്ങുനല്‍കാന്‍ സഹായിക്കുന്ന പ്രോഗ്രാം തയാറാക്കലാണ് ഈ വർഷം ക്യാമ്പുകളുടെ പ്രത്യേകത.
ഒപ്പം പരിസ്ഥിതി സംരക്ഷണ ബോധവല്‍ക്കരണത്തിനുള്ള അനിമേഷന്‍ പ്രോഗ്രാമുകളും സ്വതന്ത്ര സോഫ്റ്റ്വെയറുകളായ ഓപ്പണ്‍ടൂണ്‍സ്, ബ്ലെന്‍ഡർ തുടങ്ങിയവ ഉപയോഗിച്ച് ക്യാമ്പില്‍ കുട്ടികള്‍ തയാറാക്കും.
സംസാരിക്കാനും കേള്‍ക്കാനും പ്രയാസം നേരിടുന്ന കുട്ടികള്‍ക്ക് ആംഗ്യ ഭാഷയില്‍ സംവദിക്കാന്‍ കഴിവുള്ള പ്രോഗ്രാമുകള്‍ എഐ ഉപയോഗിച്ച് തയാറാക്കുന്നത് ആംഗ്യഭാഷ പഠിക്കാന്‍ മാത്രമല്ല, ഇത്തരം കുട്ടികളോട് സംവദിക്കാന്‍ പ്രേരിപ്പിക്കുകയും പ്രാപ്തമാക്കുകയും ചെയ്യുന്ന വിധത്തിലാണ് മൊഡ്യൂള്‍.
ഇതിനായുള്ള വീഡിയോ ക്ലാസുകളും ക്യാമ്പില്‍ പരിചയപ്പെടുത്തും. നഗരവല്‍ക്കരണത്തിലൂടെ നശിപ്പിക്കപ്പെട്ട പ്രദേശം രണ്ടു പക്ഷികളുടെ പ്രയത്നത്തിലൂടെ വീണ്ടും ഹരിതാഭമാക്കുന്നതെങ്ങനെ എന്ന ആശയത്തിലാണ് കുട്ടികള്‍ അനിമേഷന്‍ ചിത്രങ്ങള്‍ ക്യാമ്പില്‍ തയാറാക്കുക. ആനിമേഷൻ, പ്രോഗ്രാമിംഗ് വിഭാഗത്തിലായി പങ്കെടുക്കുന്ന പ്രോജക്ട് പ്രവർത്തനങ്ങൾ ആരംഭിച്ചു.
ജില്ലയിൽ 146 ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകളിലായി 14976 അംഗങ്ങളുള്ളതില്‍ സ്കൂള്‍തല ക്യാമ്പുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 1042 കുട്ടികള്‍ ഉപജില്ലാക്യാമ്പുകളില്‍ പങ്കെടുക്കും.
അധ്യയന ദിവസങ്ങള്‍ നഷ്ടപ്പെടാതെയാണ് വിവിധ ബാച്ചുകളിലായി ക്യാമ്പുകള്‍ ക്രമീകരിച്ചിട്ടുള്ളത്.
ജില്ലയിൽ നടക്കുന്ന ഉപജില്ലാ ക്യാമ്പിൽ മികച്ച പ്രകടനം കാഴ്ചവക്കുന്ന 98 കുട്ടികളെ ഡിസംബറിൽ നടക്കുന്ന ജില്ലാക്യാമ്പിലേക്കു തെരഞ്ഞെടുക്കും.