ഉപയോഗരഹിതമായ മയിലുംപുറം ചോലക്കുളത്തിന് പുനർജനി
1481511
Sunday, November 24, 2024 1:09 AM IST
ഒറ്റപ്പാലം: 80 ലക്ഷം രൂപ ചെലവിൽ മയിലുംപുറം ചോലക്കുളം നവീകരിക്കാൻ പദ്ധതി. ചെളിയും പായലും നിറഞ്ഞ് ചെടികൾ വളർന്ന് കാടുമൂടിക്കിടക്കുന്ന നിലയിലാണ് ചോലക്കുളം. ചെറുകിടജലസേചന വകുപ്പ് ചെർപ്പുളശേരി സെക്ഷന്റെ നേതൃത്വത്തിൽ 80 ലക്ഷം രൂപ ചെലവിലാണു കുളം നവീകരിക്കുന്നത്.
40 സെന്റ് സ്ഥലത്തുള്ള കുളത്തിലെ ചെളി മുഴുവൻ നീക്കി നാലുവശവും സംരക്ഷണഭിത്തിയടക്കം കെട്ടാനാണ് പദ്ധതി. കുളിക്കടവ്, നിലം ഇന്റർലോക്ക് വിരിക്കൽ, റാമ്പ് തുടങ്ങിയ സൗകര്യങ്ങളും ഒരുക്കും. പദ്ധതി ഭരണാനുമതിക്കായി സമർപ്പിച്ചിരിക്കുകയാണ്. മയിലുംപുറത്തെ ഏക്കർകണക്കിനു വരുന്ന പാടശേഖരത്തിന്റെ പ്രധാന ജലസ്രോതസായിരുന്നു കുളം.
രണ്ടു പതിറ്റാണ്ടുമുന്പാണ് കുളം അവസാനമായി നവീകരിച്ചത്. കുളത്തിലേക്കു വൻമരം കടപുഴകിവീണതോടെ പത്തുവർഷത്തിലധികമായി ഉപയോഗശൂന്യമായികിടക്കുകയാണ്. മരത്തിലെ ഇലകൾ വീണ് വെള്ളം നാശമായതോടെയാണ് ഉപയോഗിക്കാതായത്. പിന്നീട് മരം വെട്ടിനീക്കിയെങ്കിലും പരിപാലനമില്ലാതെ കുളം ഉപയോഗിക്കാതാവുകയായിരുന്നു.
വേനൽക്കാലത്തും വറ്റാത്ത അരനൂറ്റാണ്ടിലേറെ പഴക്കമുള്ള കുളത്തിന്റെ സംരക്ഷണഭിത്തികൾ തകർന്ന് കിടക്കുകയാണ്. കുളിക്കടവിലെ കല്ലുകൾ അടർന്നുപോയി.
മണ്ണിടിഞ്ഞ് കുളത്തിലേക്കു വീണ് പുല്ലുവളർന്നു കുളത്തിന്റെ പാർശ്വഭാഗങ്ങൾ നികന്നിട്ടുണ്ട്. തുടർന്ന് കുളം നവീകരിക്കുന്നതിനുവേണ്ടി പഞ്ചായത്തംഗവും നാട്ടുകാരും ഇടപെട്ടതിനുപിന്നാലെ പഞ്ചായത്ത് തീരുമാനപ്രകാരം കുളം ജലസേചനവകുപ്പിനു കൈമാറുകയായിരുന്നു.
നവീകരണത്തിനു ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നവകേരളസദസിലും പരാതി നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് പദ്ധതി തയ്യാറാക്കി ഭരണാനുമതിക്ക് സമർപ്പിച്ചത്.