ദീപിക കളർ ഇന്ത്യ സീസണ്- 3 ജില്ലാതല സമാപനസമ്മേളനം: വിദ്യാർഥികൾക്ക് ഒന്നിച്ചിരിക്കാനുള്ള വേദികളുണ്ടാകണം: കെ. ബിനുമോൾ
1482372
Wednesday, November 27, 2024 4:31 AM IST
പാലക്കാട്: വിദ്യാർഥികൾക്ക് ഒന്നിച്ചിരിക്കാനുള്ള വേദികൾ ഉണ്ടാകുന്നത് അവരുടെ സർഗശേഷി വളർത്തുമെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ.
സ്വാതന്ത്ര്യത്തിന്റെ 77-ാം വാർഷികത്തോടനുബന്ധിച്ച് സ്കൂൾവിദ്യാർഥികൾക്കിടയിൽ ദേശസ്നേഹം വളർത്തുന്നതിനായി സംഘടിപ്പിച്ച ദീപിക കളർ ഇന്ത്യ പെയിന്റിംഗ് മത്സരം സീസണ്- 3 പാലക്കാട് ജില്ലാതല സമാപനസമ്മേളനവും വിജയികൾക്കുള്ള അനുമോദനവും സമ്മാനദാനവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. ചക്കാന്തറ സെന്റ് റാഫേൽസ് കത്തീഡ്രൽ സ്കൂളിൽ നടന്ന പരിപാടിയിൽ ദീപിക തൃശൂർ റസിഡന്റ് മാനേജർ ഫാ. ജിയോ തെക്കിനിയത്ത് അധ്യക്ഷനായി.
ഒരു ദിനത്തിൽ അഞ്ചുലക്ഷത്തിൽപ്പരം വിദ്യാർഥികൾ ഒരേസമയം പെയിന്റിംഗ് മത്സരത്തിൽ ഏർപ്പെടുകയെന്ന സർഗാത്മകപ്രവർത്തനം സന്തോഷപ്രദമായ കാര്യമാണ്. ഇതിനായി കൃത്യമായ ഒരുക്കങ്ങൾ നടത്തുന്ന ദീപിക പ്രശംസയർഹിക്കുന്നു. കുട്ടികൾ വിവിധ മേഖലകളിലേക്കു പോകുന്പോൾ കഴിവുകളെ ഉപേക്ഷിച്ചുപോകാതെ കൂടെക്കൂട്ടി മുന്നോട്ടുപോകണം.
ഇതിനു മാതാപിതാക്കളും അധ്യാപകരും അവരെ പ്രോത്സാഹിപ്പിക്കണം. വായനക്കാർക്ക് രുചികരമായ വാർത്തകൾ ഒരുക്കിനൽകുന്നതിൽ ദീപിക മുന്നിലാണ്. കർഷകരോടുള്ള ദീപികയുടെ പ്രതിബദ്ധത പ്രശംസനീയമാണ്. വന്യജീവി പ്രശ്നത്തിൽ കർഷകരോടും ജനങ്ങളോടുമുള്ള ദീപികയുടെ പ്രതിബദ്ധത എടുത്തുപറയേണ്ടതാണെന്നും കെ. ബിനുമോൾ പറഞ്ഞു.
കെജി, എൽപി, യുപി, എച്ച്എസ്, എച്ച്എസ്എസ് എന്നീ വിഭാഗങ്ങളിലായി ആദ്യ മൂന്നു സ്ഥാനങ്ങൾ നേടിയ വിദ്യാർഥികൾക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മെമന്റോ സമ്മാനിച്ചു. സൗത്ത് ഇന്ത്യൻ ബാങ്ക് എജിഎമ്മും റീജണൽ ഹെഡുമായ പി. അഭിലാഷ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. രൂപത വികാരി ജനറാൾ മോണ്‍. ജീജോ ചാലയ്ക്കൽ മുഖ്യാതിഥിയായി.
ഡിഎഫ്സി രൂപത കോ- ഓർഡിനേറ്റർ ഫാ. ജോസഫ് ചിറ്റിലപ്പിള്ളി, സെന്റ് റാഫേൽസ് കത്തീഡ്രൽ സ്കൂൾ വൈസ് പ്രിൻസിപ്പൽ സന്ധ്യ അലക്സ് തുടങ്ങിയവർ പങ്കെടുത്തു.
ഓരോ വിഭാഗത്തിലും പ്രോത്സാഹനസമ്മാനം നേടിയവർക്കും 70 ശതമാനത്തിനുമുകളിൽ കുട്ടികളെ മത്സരത്തിൽ പങ്കെടുപ്പിച്ച സ്കൂളുകൾക്കും റീൽസ് മത്സരവിജയികളായ സ്കൂളുകൾക്കും മോണ്‍. ജീജോ ചാലയ്ക്കൽ, ഫാ. ജോസഫ് ചിറ്റിലപ്പിള്ളി, ഫാ. ജിയോ തെക്കിനിയത്ത്, ഫാ. റിന്റോ പയ്യപ്പിള്ളി, കെ.എൽ. ഡേവിസ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
ദീപിക കോ- ഓർഡിനേറ്റിംഗ് എഡിറ്റർ ഫാ. റിന്റോ പയ്യപ്പിള്ളി സ്വാഗതവും പാലക്കാട് ഏരിയ മാനേജർ സനൽ ആന്റോ നന്ദിയും പറഞ്ഞു.