പതിനാറാം തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയം ഏഴാംതവണ
1481515
Sunday, November 24, 2024 1:09 AM IST
പാലക്കാട്: കേരളപ്പിറവിക്കുശേഷം നടന്ന 16 തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെ വിജയം ഏഴാംതവണ. നേരത്തെ ആറു തവണ കോൺഗ്രസും കമ്യൂണിസ്റ്റ് പാര്‍ട്ടി മൂന്നുതവണയും പാലക്കാട്ട് വിജയിച്ചു.
1977 മുതല്‍ 1987 വരെ നടന്ന നാലു തെരഞ്ഞെടുപ്പുകളില്‍ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സി.എം. സുന്ദരമായിരുന്നു വിജയിച്ചത്. 1991 മുതല്‍ 2011 വരെ നടന്ന അഞ്ചു തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്, സിപിഎം സ്ഥാനാര്‍ഥികള്‍ പാലക്കാട്ട് മാറിമാറി ജയിച്ചു.
അതിനു മാറ്റംവന്നത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ 2011 മുതല്‍ നേടിയ ഹാട്രിക്ക് വിജയത്തോടെയായിരുന്നു. പാലക്കാട്ട് ഷാഫി പറമ്പില്‍ ഹാട്രിക് തികയ്ക്കുന്നതാണ് 2021 ല്‍ കണ്ടത്. പക്ഷേ ആ ജയം ഷാഫിയുടെ പാലക്കാട്ടെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിനായിരുന്നു. 3859 വോട്ടിന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പരാജയപ്പെടുത്തിയത് ബിജെപി സ്ഥാനാര്‍ഥി മെട്രോമാന് ഇ. ശ്രീധരനെയായിരുന്നു. കോണ്‍ഗ്രസിന് 3500 വോട്ട് കുറഞ്ഞപ്പോള്‍ വോട്ട് ഷെയര്‍ 3.7 ശതമാനം ഇടിഞ്ഞു.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി 54079 വോട്ട് നേടിയപ്പോള്‍ (38.06 ശതമാനം) രണ്ടാം സ്ഥാനത്തെത്തിയ ബിജെപി 50220 വോട്ടുപിടിച്ചു. (35.34 ശതമാനം). ബിജെപി വോട്ടുകളില്‍ പതിനായിരത്തിന്റെ വളര്‍ച്ച വീണ്ടും പാലക്കാട് മണ്ഡലത്തില്‍ കണ്ടു. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സിപിഎം സ്ഥാനാര്‍ഥി സി.പി. പ്രമോദിന് 36433 വോട്ട് കിട്ടി. ( 25.64 ശതമാനം).
കഴിഞ്ഞ തവണ 2021 ല്‍ 73.71 ശതമാനം പോളിംഗാണ് പാലക്കാട്ടുണ്ടായത്. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് നിയമസഭാ മണ്ഡലത്തിൽ ആകെയുള്ള 190326 വോട്ടര്‍മാരില്‍ 132927 പേര് വോട്ട് രേഖപ്പെടുത്തി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് 52779 വോട്ടും ബിജെപി സ്ഥാനാര്‍ഥിക്ക് 43072 വോട്ടും സിപിഎം സ്ഥാനാര്‍ഥിക്ക് 34640 വോട്ടും ലഭിച്ചു.
കോണ്‍ഗ്രസ്- ബിജെപി വോട്ട് വ്യത്യാസം 9707 ആയിരുന്നു. 10 വര്‍ഷത്തിനകമുണ്ടായ വോട്ടുവളർച്ചയിലായിരുന്നു ബിജെപിയുടെ പ്രതീക്ഷയത്രയും. ഇതാണ് ഇന്നലത്തെ അടപടലം തകർന്നത്.
ജനകീയ വിഷയങ്ങൾക്കപ്പുറം രാഷ്ട്രീയ പോരാട്ടത്തിനാണു ഇത്തവണ മണ്ഡലം സാക്ഷ്യംവഹിച്ചത്. വോട്ടെണ്ണൽ തുടങ്ങുംവരെ പ്രവചനാതീതമായിരുന്നു മണ്ഡലത്തിന്റെ വിജയപരാജയങ്ങൾ. ഏറെ വിവാദങ്ങളും വാദപ്രതിവാദങ്ങളും നിറഞ്ഞുനിന്ന പ്രചാരണവും പാലക്കാടിന്റെ തെരഞ്ഞെടുപ്പു ചരിത്രത്തിലെ വേറിട്ട സംഭവങ്ങളുമായി. മുൻ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ചു മണ്ഡല ചരിത്രത്തിൽ അങ്ങനെ ശ്രദ്ധേയമായ ഏടായി മാറുകയാണ്.