ക്രിസ്തുമത സംസ്കാരം വിലമതിക്കാനാവാത്തതെന്നു അഡ്വ.എൻ. ഷംസുദീൻ എംഎൽഎ
1481921
Monday, November 25, 2024 5:28 AM IST
അഗളി: ക്രിസ്ത്യൻ മിഷനറികളുടെ പ്രവർത്തനങ്ങളും സംഭാവനകളും ക്രിസ്തുമത സംസ്കാരവും ഭാരതത്തിൽ വിലപ്പെട്ടതാണെന്നു എൻ. ഷംസുദീൻ എംഎൽഎ. ചിറ്റൂർ സെന്റ് തോമസ് ഇടവക ദേവാലയത്തിൽ എട്ടുദിവസമായി നടന്നുവരുന്ന സുവർണജൂബിലി സമാപന യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
എല്ലാവരും പരസ്പരം പുലർത്തേണ്ട ഐക്യവും സ്നേഹവുമാണ് യേശുക്രിസ്തു ചൂണ്ടിക്കാണിച്ച മാനവിക സന്ദേശമെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഇടവക വികാരി ജോസഫ് അറക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം താവളം ഫെറോന വികാരി ഫാ. ബിജു പ്ലാത്തോട്ടത്തിൽ ഉദ്ഘാടനം ചെയ്തു. റവ.മദർ റോസ്ലിൻ മുത്തേടത്ത് എസ്എബിഎസ് അനുഗ്രഹപ്രഭാഷണം നടത്തി. ഇടവക അംഗം റോസമ്മ മൂഴിയിൽ ആശംസാ പ്രസംഗം നടത്തി. പഞ്ചായത്തംഗം നിത്യ ദാനിയൽ പാരിഷ് ഡയറക്ടറി പ്രകാശനം ചെയ്തു. വിവിധ ഇടവകകളിൽ നിന്നായി നിരവധി വൈദികരും സന്ന്യസ്തരും യോഗത്തിൽ പങ്കെടുത്തു.
സെന്റ് തോമസ് ഇടവകയിലും കോൺവെന്റിലും സേവനം ചെയ്തിരുന്ന വൈദികരും സിസ്റ്റേഴ്സും യോഗത്തിൽ എത്തിച്ചേർന്നു. സ്നേഹവിരുന്ന്, ആകാശവിസ്മയം, മ്യൂസിക് ഇവന്റ്, കുട്ടികളുടെ കലാപരിപാടികൾ എന്നിവ നടന്നു. തിരുന്നാൾ കൺവീനർ അലോഷ്യസ് മൂഴിയിൽ നന്ദി പറഞ്ഞു.