കാണാതായ വീട്ടമ്മയെക്കുറിച്ച് വിവരം ലഭിച്ചില്ല; വനമേഖലയിലും തെരച്ചിൽ
1482392
Wednesday, November 27, 2024 4:44 AM IST
നെന്മാറ: കാണാതായ വീട്ടമ്മയെ ക്കുറിച്ച് ഒരാഴ്ചയായിട്ടും വിവരം ലഭിച്ചില്ല. ഒലിപ്പാറ പൈതല പരേതനായ കറുപ്പന്റെ ഭാര്യ തങ്ക (70)യെയാണ് ഒരാഴ്ചയായി കാണാത്തത്. 18നു നെന്മാറ കണിമംഗലത്തെ വാടകവീട്ടിൽനിന്ന് ഇറങ്ങിപ്പോയ തങ്കയെ കാണാനില്ലെന്നു മകൾ ചന്ദ്രിക നെന്മാറ പോലീസിൽ പരാതി നൽകിയിരുന്നു.
കാണാതായ നാൾമുതൽ പ്രാദേശിക സാമൂഹ്യമാധ്യമ കൂട്ടായ്മകളിലും മറ്റും ഫോട്ടോ സഹിതം പ്രദേശവാസികൾ അന്വേഷണം നടത്തിയിരുന്നു.
തുടർന്നാണ് അയിലൂർ പഞ്ചായത്തിലെ പൂഞ്ചേരി ഭാഗത്ത് ടാപ്പിംഗ് തൊഴിലാളി ജോബി റബർ തോട്ടത്തിനു സമീപത്തുകൂടി തങ്കയോട് രൂപസാദൃശ്യമുള്ളയാൾ നടന്നുപോകുന്നത് കണ്ടിരുന്നതായി വിവരം ലഭിച്ചത്. അന്വേഷണത്തിൽ സമീപത്തെ വീട്ടിൽ വെള്ളംചോദിച്ചു വയോധിക വന്നിരുന്നതായും വിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്ന് മേഖലയിൽ പോലീസ് കഴിഞ്ഞ കുറച്ചുദിവസമായി അന്വേഷണം നടത്തിയിരുന്നെങ്കിലും വ്യക്തമായ വിവരം ലഭിച്ചില്ല.
കഴിഞ്ഞദിവസം നെന്മാറ പോലീസും തിരുവഴിയാട് വനം സെക്്ഷൻ ജീവനക്കാരും വനം വാച്ചർമാരും ഹോം ഗാർഡുകളും പാലക്കാടുനിന്ന് പോലീസ് നായ എന്നിവയുടെ സഹായത്തോടെ മേഖലയിൽ പരിശോധന നടത്തി. പുഞ്ചേരി ഭാഗത്തെ റബർ തോട്ടങ്ങളിലും വനമേഖലയോടു ചേർന്ന പ്രദേശങ്ങളിലും പുഞ്ചേരി അരക്കുന്ന് വനമേഖലയിൽ രണ്ടു കിലോമീറ്ററോളം ഉൾവനത്തിലും പ്രദേശവാസികളുടെ സഹായത്തോടെ സംയുക്ത ദൗത്യസംഘം രാവിലെ 10 മുതൽ ഒരുമണിവരെ തെരച്ചിൽ നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല.
പോലീസ് സബ് ഇൻസ്പെക്ടർ രാജേഷ്, സ്പെഷൽ ബ്രാഞ്ച് എഎസ് ഐ അബ്ദുൾ നാസർ, സിപിഒ മാരായ റഫീസ്, ബാബു, എച്ച്. പ്രദീപ് കുമാർ, അനൂപ്, ഹോം ഗാർഡ് ബാലൻ, ബിഎഫ്ഒ സെന്തിൽ കുമാർ, വനം വാച്ചർമാരായ രവി, ബാലൻ, മണി, പ്രദേശവാസികൾ എന്നിവർ അടങ്ങിയ സംഘമാണ് പുഞ്ചേരി വനമേഖലയിലും സമീപത്തെ റബർ തോട്ടങ്ങളിലും തെരച്ചിൽ നടത്തിയത്. ഹരിതകർമസേനാംഗങ്ങളും തൊഴിലുറപ്പു തൊഴിലാളികളും ഒലിപ്പാറ മേഖലയിൽ വിവിധയിടങ്ങളിൽ അന്വേഷണം നടത്തിയതായി നെന്മാറ പോലീസ് അറിയിച്ചു.
കാണാതായ തങ്കയുടെ ഫോട്ടോ നെന്മാറ പോലീസ് പുറത്തുവിട്ടു. ഇവരെക്കുറിച്ച് വിവരം ലഭിക്കുന്നവർ പോലീസിൽ അറിയിക്കണമെന്ന് നെന്മാറ പോലീസ് ആവശ്യപ്പെട്ടു.