തക്കുടു ചത്തു; രാജന് നഷ്ടപ്പെട്ടതു 15 വർഷത്തെ ആത്മമിത്രത്തെ
1481914
Monday, November 25, 2024 5:28 AM IST
വടക്കഞ്ചേരി: വള്ളിയോട് മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിനുസമീപം ടീ ഷോപ്പ് നടത്തുന്ന രാജന്റെ ആത്മമിത്രമായിരുന്ന വളർത്തുനായ തക്കുടു ചത്തു. നഷ്ടപ്പെട്ടത് 15 വർഷത്തെ ആത്മമിത്രത്തെയെന്നു രാജൻ.
മാസങ്ങൾക്കുമുമ്പ് ബൈക്കിടിച്ച് നായ അവശതയിലായിരുന്നു. 67 വയസുള്ള രാജന്റെ വിട്ടു പിരിയാത്ത കൂട്ടുകാരനായിരുന്നു15 വയസുള്ള 'തക്കുടു' എന്ന നായ.
ഊണിലും ഉറക്കത്തിലും യാത്രകളിലും മാടുമേക്കാനുമൊക്കെ തക്കുടുവായിരുന്നു രാജനുകൂട്ട്. ഇനി അതെല്ലാം ഓർമയായി മാറും- രാജൻ പറഞ്ഞു.
അപകടത്തിനു ശേഷം ക്ഷീണിതനായി മുമ്പത്തേതുപോലെ രാജന്റെ സെക്യുരിറ്റി ഗാർഡാകാൻ തക്കുടുവിനു കഴിഞ്ഞിരുന്നില്ല. എങ്കിലും രാജൻ പശുക്കളെ മേയ്ക്കാൻ സമീപത്തെ പാടത്തേക്കു പോകുമ്പോൾ തക്കുടുവും ഒപ്പംകൂടും. തന്നാൽ സാധിക്കുന്ന പശു സംരക്ഷണം നടത്തും. കഴിഞ്ഞ ദിവസങ്ങളിൽ ക്ഷീണംകൂടി തക്കുടു വിടപറഞ്ഞു. നാടൻ നായയായിരുന്നു തക്കുടു. ഒരുനായയുടെ ആയുസിന്റെ ദൈർഘ്യംതന്നെ 15 വയസാണ്.
ഈ കാലമെല്ലാം രാജന്റെ താങ്ങായി തക്കുടു നിന്നു. പശുനോട്ടത്തിനൊപ്പം വീട്ടുകാരുടെ കാര്യങ്ങളിലും നായ അതീവ ജാഗ്രത പുലർത്തിയിരുന്നു. രാജന്റെ ഭാര്യ ചന്ദ്രിക സമീപത്തെ വീടുകളിലേക്ക് വെള്ളമെടുക്കാൻ പോകുന്ന സമയം പാടത്തുനിന്നും തക്കുടു വീട്ടിലേക്കു ഓടിയെത്തും. രാജനും തക്കുടുവും തമിലുള്ള ഈ സ്നേഹ ബന്ധം നാട്ടുക്കാർക്കും കൗതുക കാഴ്ചയായിരുന്നു.
ടീ ഷോപ്പിൽ വരുന്നവരേയും ഈ നായക്കറിയാം. വീട്ടിലെ എല്ലാ മുറികളിലും നായക്ക് പ്രവേശനമുണ്ട്. രാത്രിയിലും രാജന്റെ കട്ടിലിലായിരുന്നു വിശ്രമം.