കൗമാര കലാമേളയ്ക്ക് അരങ്ങുണർന്നു
1482162
Tuesday, November 26, 2024 5:17 AM IST
ശ്രീകൃഷ്ണപുരം: റവന്യൂജില്ലാ കേരള സ്കൂൾ കലോത്സവത്തിനു ശ്രീകൃഷ്ണപുരത്ത് അരങ്ങുണർന്നു.
ഇനി നാലുനാളുകൾ കലാപരമായ സർഗാത്മകകലാവൈഭവങ്ങൾ തമ്മിൽ മാറ്റുരയ്ക്കും. ആദ്യദിനമായ ഇന്നലെ സ്റ്റേജിതര മത്സരങ്ങളാണ് നടന്നത്.
25 വേദികളിലായി 82 ഇന രചനാമത്സരങ്ങൾ നടന്നു. യുപി വിഭാഗം കഥ, കവിത, ചിത്രരചന, ക്വിസ്, സമസ്യാപൂരണം, പ്രശ്നോത്തരി, സിദ്ധ രൂപോച്ചാരണം, ഗദ്യ പാരായണം, ഖുറാൻ പാരായണം, തർജമ, പദകേളി, ഗദ്യവായന, ഹൈസ്കൂൾ വിഭാഗം കഥ, കവിത, ഉപന്യാസം, ചിത്രരചന, സമസ്യപൂരണം, പ്രശ്നോത്തരി, ക്വിസ്, ഖുറാൻ പാരായണം, നിഘണ്ടു നിർമാണം, അടിക്കുറിപ്പ്, പോസ്റ്റർ നിർമാണം, ഹയർ സെക്കൻഡറി വിഭാഗം കഥ, കവിത, ഉപന്യാസം, ചിത്രരചന, കാർട്ടൂൺ, കൊളാഷ് തുടങ്ങിയ മത്സരങ്ങളാണു നടന്നത്.
12 ഉപജില്ലകളിൽ നിന്നുമായി പതിനായിരത്തോളം കലാപ്രതിഭകളാണ് കലോത്സവത്തിൽ മാറ്റുരക്കുന്നത്.
വള്ളുവനാട്ടിലെ കലാഗ്രാമമായ ശ്രീകൃഷ്ണപുരം ഹയർ സെക്കൻഡറി സ്കൂളാണ് പ്രധാന വേദി. കൂടാതെ പെരുമാങ്ങോട് എൽപി സ്കൂൾ,ശ്രീകൃഷ്ണപുരം എയുപി സ്കൂൾ, ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് ഹാൾ, ഷെഡുംകുന്ന് ബാപ്പുജി പാർക്ക്, ശ്രീകൃഷ്ണപുരം പഞ്ചായത്ത് കല്യാണമണ്ഡപം എന്നിവിടങ്ങളും വേദികളാവുന്നുണ്ട്.
മേളയ്ക്ക് ഇന്നുരാവിലെ പത്തിന് പതാക ഉയർത്തുന്നത്തോടെ ഔപചാരികമായി തുടക്കം കുറിക്കും.
വൈകുന്നേരം അഞ്ചിന് മന്ത്രി എം.ബി രാജേഷ് മേളയുടെ ഉദ്ഘാടനം നിർവഹിക്കും.
കെ. പ്രേംകുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. എംഎല്‍എമാരായ പി. മമ്മിക്കുട്ടി, എന്‍. ഷംസുദ്ദീന്, എ. പ്രഭാകരന്, ജില്ലാ കളക്ടര്‍ ഡോ.എസ്. ചിത്ര, ജില്ലാ പോലീസ് സൂപ്രണ്ട് ആർ. ആനന്ദ്, സിനിമാതാരം രചന നാരായണന്‍കുട്ടി മുഖ്യാതിഥികളായിരിക്കും.
സംസ്ഥാന ചലചിത്ര അവാര്‍ഡ് ജേതാവ് ബീന ചന്ദ്രനെയും കലോത്സവ ലോഗോ തയാറാക്കിയ ശ്രീകൃഷ്ണപുരം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ചിത്രകലാധ്യാപകന്‍ ടി.കെ. വിബിന്നാഥിനെയും ചടങ്ങിൽ ആദരിക്കും.
വേദികളില്‍ ഇന്ന് ഒപ്പന, തിരുവാതിരക്കളി, നാടകം, യക്ഷഗാനം,കഥകളിസിംഗിള്, കഥകളിഗ്രൂപ്പ്, വട്ടപ്പാട്ട്, കോല്‍ക്കളി, അറബി സംഘഗാനം, മോണോആക്റ്റ്, അറബി പ്രസംഗം, അറബി കഥപറയല്‍, കഥാപ്രസംഗം, മിമിക്രി, മാപ്പിളപ്പാട്ട്, പൂരക്കളി, പരിചമുട്ട്, വയലിന് (പാശ്ചാത്യം, പൗരസ്ത്യം), വീണ- വിചിത്രവീണ, ഇംഗ്ലീഷ് പദ്യം ചൊല്ലല്‍, ഇംഗ്ലീഷ് പ്രസംഗം, ഓടക്കുഴല്‍, മൃദംഗം, ഓട്ടന്തുള്ളല് തുടങ്ങിയ മത്സരങ്ങള്‍ അരങ്ങേറും. ദേവപദം ഓഡിറ്റോറിയത്തിലാണ് ഭക്ഷണശാല.