ഒന്നുമുതല്‍ 19 വയസു വരെയുള്ളവര്‍ക്ക് വിരനശീകരണ ഗുളികകള്‍ നല്‍കും
1482160
Tuesday, November 26, 2024 5:17 AM IST
പാലക്കാട്: ഇന്ന് ദേശീയ വിരവിമുക്ത ദിനമായി ആചരിക്കും. ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ ഒന്നുമുതൽ 19 വയസുവരെ പ്രായമുളള 7,04,053 കുട്ടികള്‍ക്ക് വിരനശീകരണത്തിനുള്ള ആൽബൻഡസോൾ ഗുളികകൾ നൽകും.
ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്നുച്ചയ്ക്ക് 1.30 ന് പാലക്കാട് ബിഇഎം ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ നിർവഹിക്കും. സ്കൂളുകളിലും അങ്കണവാടികളിലുമാണ് ആൽബൻഡസോൾ ഗുളികകൾ വിതരണം ചെയ്യുക.
ജില്ലാ ഭരണകൂടം, തദ്ദേശസ്വയംഭരണ, വിദ്യാഭ്യാസ, വനിതാ ശിശു വികസന വകുപ്പുകൾ, ജനപ്രതിനിധികൾ, സന്നദ്ധസംഘടനകൾ എന്നിവരുമായി സംയോജിച്ചാണ് ആരോഗ്യ വകുപ്പ് വിരവിമുക്ത ദിനാചരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്.
ഒന്നുമുതല്‍ മുതൽ രണ്ടുവയസുവരെയുള്ള കുട്ടികൾക്ക് അരഗുളിക തിളപ്പിച്ചാറ്റിയ വെള്ളത്തിൽ അലിയിച്ചു കൊടുക്കണം. രണ്ടുമുതൽ 19 വരെ പ്രായമുള്ള കുട്ടികൾ ഉച്ചഭക്ഷണത്തിനുശേഷം ഒരു ഗുളിക ചവച്ചരച്ച് കഴിക്കണം. അതോടൊപ്പം ഒരു ഗ്ലാസ് തിളപ്പിച്ചാറിയ വെള്ളം കുടിക്കുകയും വേണം.
കുട്ടികൾ ആൽബൻഡസോൾ ഗുളികകൾ സ്ഥാപനത്തിൽനിന്ന് തന്നെ കഴിക്കേണ്ടതാണ്. ഗുളിക കഴിച്ചെന്നു അധ്യപകരും അങ്കണവാടി വർക്കറും ഉറപ്പുവരുത്തണം. ഇന്ന് ഗുളിക കഴിക്കാൻ സാധിക്കാത്തവർ ഡിസംബർ മൂന്നിനു ഗുളിക നിർബന്ധമായും കഴിക്കേണ്ടതാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
മണ്ണിൽകൂടി പകരുന്ന വിരകൾ രാജ്യത്ത് ഇന്നും ഒരു പൊതുജനാരോഗ്യ പ്രശ്നമായി നിലനിൽക്കുന്നതിനാലാണ് വിരവിമുക്തി ദിനാചരണം സംഘടിപ്പിക്കുന്നത്.
65 ശതമാനം കുട്ടികൾക്കും വിരബാധയുള്ളതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വിളർച്ച, പോഷക കുറവ്, വിശപ്പില്ലായ്മ, ഛർദ്ദിയും വയറിളക്കവും, മലത്തിൽകൂടി രക്തം പോകൽ എന്നിവയാണ് വിരബാധമൂലം കുട്ടികളിൽ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ.
കുട്ടികളുടെ ശരീരത്തിൽ വിരകളുടെ തോത് വർധിക്കുംതോറും ശാരീരിക മാനസിക പ്രശ്നങ്ങളുണ്ടാകുന്നു.
ദിനാചരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി എഡിഎം പി. സുരേഷിന്റെ അധ്യക്ഷതയിൽ വിവിധ വകുപ്പുകളുടെ ഏകോപന യോഗം ചേർന്നു.
യോഗത്തിൽ ജില്ലാ ആർസിഎച്ച് ഓഫീസർ ഡോ.എ.കെ. അനിത പദ്ധതിയെകുറിച്ച് വിശദീകരിച്ചു. ജില്ലയിലെ വിവിധ വകുപ്പുമേധാവികളും പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.