പാലക്കാട് നഗരസഭയിൽ ബിജെപി-സിപിഎം കൈയാങ്കളി
1482373
Wednesday, November 27, 2024 4:31 AM IST
പാലക്കാട്: ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയിൽ ഉപതെരഞ്ഞെടുപ്പിനെ ചൊല്ലി ബിജെപി- സിപിഎം കയ്യാങ്കളി. പാലക്കാട് നിയമസഭ ഉപതെരെഞ്ഞടുപ്പിന് ശേഷം ആദ്യത്തെ കൗണ്‍സിൽ യോഗത്തിലാണ് അജണ്ടകൾ ചർച്ച ചെയ്യുന്നതിനിടെ ബിജെപിയും സിപിഎമ്മും തമ്മിൽ തർക്കമുണ്ടായത്.
കഴിഞ്ഞ നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകളിൽ നഗരസഭകളിൽ വൻതോതിൽ വോട്ട് വാങ്ങിയ ബിജെപിയുടെ വോട്ടുകൾ എവിടെ പോയെന്ന് സിപിഎം കൗണ്‍സിലർമാർ ചോദിച്ചതാണ് നഗരസഭ ചെയർപേഴ്സണ്‍ പ്രമീളശശിധരൻ ഉൾപ്പെടെ ബിജെപി കൗണ്‍സിലർമാരെ ചൊടിപ്പിച്ചത്. ബിജെപിയുടെ ആഭ്യന്തരകാര്യത്തിൽ ഇടപെടാൻ സിപിഎമ്മിന് എന്താണ് അധികാരമെന്ന് ബിജെപി അംഗങ്ങൾ ചോദിച്ചു.
ഇതിനിടെ സിപിഎം കൗണ്‍സിലർമാർക്ക് നഗരസഭാ അധ്യക്ഷ സംസാരിക്കാൻ അവസരം നൽകിയില്ലെന്ന ആരോപണവും ഉയർന്നു. ഇതോടെ അധ്യക്ഷയും എൽഡിഎഫ് കൗണ്‍സിലർമാരും തമ്മിൽ വാക്കേറ്റമുണ്ടായി. പിന്നീട് നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു. ചെയർപേഴ്സണ്‍ അംഗങ്ങളോട് ഇരിക്കാൻ ആവശ്യപ്പെട്ടെങ്കിലും തർക്കം തുടരുകയായിരുന്നു. തുടർന്ന് എല്ലാവർക്കും സംസാരിക്കാൻ അവസരം നൽകിയിട്ടുണ്ടെന്നും തർക്കിക്കാൻ വരേണ്ടെന്നും ചെയർപേഴ്സണ്‍ അറിയിച്ചതോടെ സിപിഎം കൗണ്‍സിലർമാർ ശാന്തരായി.
തുടർന്ന് യോഗത്തിനിടെ ലീഗ് കൗണ്‍സിലറെ വിളിക്കുന്നതിനിടെ കോണ്‍ഗ്രസ് കൗണ്‍സിലർക്ക് യോഗത്തിൽ സംസാരിക്കുന്നതിന് ചെയർപേഴ്സണ്‍ മുൻഗണന നൽകിയതും തർക്കത്തിനിടയാക്കി. തുടർന്ന് മുതിർന്ന നേതാക്കൾ ഇടപെട്ട് ശാന്തരാക്കി യോഗം പുനരാംഭിച്ചത്.