സൈക്കിൾ ചവിട്ടുന്നതിനിടെ കിണറ്റിൽ വീണ് നാലു വയസുകാരൻ മരിച്ചു
1482337
Wednesday, November 27, 2024 1:38 AM IST
ഒറ്റപ്പാലം: ചുനങ്ങാട് അമ്മയുടെ കണ്മുന്നിൽ സൈക്കിളിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാലു വയസുകാരനായ ഏക മകൻ കിണറ്റിൽ വീണുമരിച്ചു. ചുനങ്ങാട് വാരിയത്തുകുന്ന് കിഴക്കേതിൽതൊടി വീട്ടിൽ ജിഷ്ണു-ഇന്ദുജ ദന്പതികളുടെ മകൻ അദ്വിനാണ് മരിച്ചത്. ഇന്നലെ രാവിലെ 11.15 ഓടെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് സംഭവം.
സൈക്കിളിൽ കളിച്ചു കൊണ്ടിരിക്കുന്നതിനിടെ കിണറിന്റെ ആൾമറയില്ലാത്ത ഭാഗത്തുകൂടി കുട്ടി കിണറ്റിൽ വീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഓടിയെത്തിയ ഇന്ദുജ കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സൈക്കിൾ മാത്രമേ കൈയിൽ കിട്ടിയുള്ളു. ബന്ധുക്കൾ അലമുറയിട്ടതുകേട്ട് ഓടിയെത്തിയ നാട്ടുകാർ കിണറ്റിലിറങ്ങി കുട്ടിയെ പുറത്തടുത്ത് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുവേണ്ടി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.