ഭിന്നശേഷക്കാരിക്കു ലൈഫ് മിഷനിൽ മുൻഗണന നൽകണമെന്നു മനുഷ്യാവകാശ കമ്മീഷൻ
1481919
Monday, November 25, 2024 5:28 AM IST
പാലക്കാട്: തകർന്നുവീഴാറായ വീട്ടിൽ താമസിക്കുന്ന കാഴ്ചയും കാലിനുസ്വാധീനവും ഇല്ലാത്ത ഭിന്നശേഷിക്കാരിക്കു ലൈഫ് ഭവന പദ്ധതിയിൽ മുൻഗണന നൽകി ധനസഹായം അനുവദിക്കണമെന്നു മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് കരിമ്പുഴ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
കരിമ്പുഴ പതിമൂന്നാം വാർഡിൽ അമ്മയുമൊത്തു താമസിക്കുന്ന കെ.ആർ. വളർമതി സമർപ്പിച്ച പരാതി തീർപ്പാക്കികൊണ്ടാണ് കമ്മീഷൻ ഉത്തരവ്. കരിമ്പുഴ പഞ്ചായത്ത് സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിൽ പരാതിക്കാരി പതിനൊന്നാം ക്രമനമ്പറായി ഉൾപ്പെട്ടിട്ടുണ്ടെന്നും ഫണ്ടിന്റെ അപര്യാപ്തത കാരണം ആനുകൂല്യം അനുവദിക്കാൻ കഴിഞ്ഞിട്ടില്ലെന്നും പറയുന്നു.
പരാതിക്കാരിയെപോലെ നിരവധി ഗുണഭോക്താക്കൾ ആനുകൂല്യം ലഭിക്കാതെ കഷ്ടപ്പെടുന്നുണ്ട്. 15 ഗുണഭോക്താക്കൾക്കു ആനുകൂല്യം അനുവദിക്കാൻ നിർവഹണ ഉദ്യോഗസ്ഥനായ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരിയുടെ ശാരീരിക ബുദ്ധിമുട്ടുകൾ പരിഗണിച്ച് മുൻഗണന നൽകാനാണ് നിർദ്ദേശം നൽകിയത്.