ദേശീയ ഇക്കോഫെസ്റ്റും ആദിവാസിമേളയും സമാപിച്ചു
1482155
Tuesday, November 26, 2024 5:17 AM IST
അഗളി: അട്ടപ്പാടി മട്ടത്തുകാട് ആദി നടത്തിയ പതിമൂന്നാം ദേശീയ ഇക്കോഫെസ്റ്റും ആദിവാസി മേളയും സമാപിച്ചു. പരിസ്ഥിതിമേള സൈലന്റ് വാലി നാഷണൽ പാർക്ക് വൈൽഡ് ലൈഫ് വാർഡൻ സാജു വർഗീസ് ഉദ്ഘാടനം ചെയ്തു. ഷോളയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. രാമമൂർത്തി അധ്യക്ഷത വഹിച്ചു.
ഡോ. സദ്രെ ആലം, സിനിമോൾ, ക്രിസ്പിൻ ജിനോബ്, ശ്രീസന, പ്രതിഭ ആശംസകൾ നേർന്നു. ആദി ഡയറക്ടർ ഫാ. റഫിൻ കമൽ സ്വാഗതവും ആദി കോ- ഓർഡിനേറ്റർ പി.എസ്. നവീൻ നന്ദിയും പറഞ്ഞു.
തുടർന്ന് പരിസ്ഥിതി സംഘഗാനം, ക്വിസ്, ചിത്രരചന, മോണോആക്ട്, സ്കിറ്റ്, പെൻസിൽ ഡ്രോയിംഗ് തുടങ്ങി യ മത്സരങ്ങൾ നടന്നു.
പരിപാടിയിൽ ആയിരത്തിലേറെ പേർ പങ്കെടുത്തു. ദേശീയ ആദിവാസിമേള അടിമാലി അസിസ്റ്റന്റ് ട്രൈബൽ ഡിപ്പാർട്ട്മെന്റ് ഓഫീസർ കന്തസ്വാമി ഉദ്ഘാടനം ചെയ്തു. ഗായിക നഞ്ചിയമ്മ ചടങ്ങിൽ മുഖ്യാതിഥിയായി. ആദി അസിസ്റ്റന്റ് ഡയറക്ടർ ഫാ. ലെനിൻ ആന്റണി എസ്ജെ സദസ് സ്വാഗതം പറഞ്ഞു. വട്ടലക്കി ഊരു മൂപ്പൻ ചൊറിയൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
തുടർന്ന് ഊര് മൂപ്പന്മാരെയും ആദിവാസി വിഭാഗത്തിൽ നേട്ടം കൈവരിച്ച 100 പേരെ ആദരിച്ചു. പ്രണിത റാണി, ധർമ്മപുരി കുറുമ്പ സൊസൈറ്റി പ്രസിഡന്റ് സ്വക്കലിംഗം, കവി മണികണ്ഠൻ, സി. ഇമ്മാനുവേൽ, അജിത് കുമാർ എന്നിവർ ആശംസാപ്രസംഗം നടത്തി.
തുടർന്ന് ജാർഖണ്ഡ്, ആന്ധ്ര, തെലുങ്കാന, ഒറീസ, ബീഹാർ, തമിഴ്നാട്, കേരള എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാപരിപാടികൾ അവതരിപ്പിച്ചു.