തോക്കുമായി രണ്ടുയുവാക്കൾ മലമ്പുഴ പോലീസിന്റെ പിടിയിൽ
1481926
Monday, November 25, 2024 5:28 AM IST
മലമ്പുഴ: കടുക്കാംകുന്നത്തു വാഹനപരിശോധനക്കിടയിൽ തോക്കുമായി രണ്ടു യുവാക്കളെ മലമ്പുഴ പോലീസ് പിടികൂടി. ശനിയാഴ്ച വൈകുന്നേരം ആറിനാണു സംഭവം.
അകത്തേത്തറ ചേറങ്ങാട്ടുകാവ് മുനിക്കോട് വീട്ടിൽ കണ്ണന്റെ മകൻ കിരൺ (26), മലന്പുഴ ഇറിഗേഷൻ ക്വാർട്ടേഴ്സ് എസ്പി ലെയിൻ രവീന്ദ്രന്റെ മകൻ നന്ദു (26) എന്നിവരാണ് 7.65 എംഎം പിസ്റ്റളുമായി പിടിയിലായത്.
പാലക്കാട് ഭാഗത്തുനിന്നും മലമ്പുഴ ഭാഗത്തേക്കു വരികയായിരുന്ന യുവാക്കൾ പോലീസ് പരിശോധനകണ്ട് പെട്ടെന്ന് ബൈക്കുതിരിച്ചപ്പോൾ മറിഞ്ഞു. തത്സമയം ബൈക്കിൽ പുറകിലിരുന്ന നന്ദു പെട്ടെന്നുചാടി.
ഇരുവരേയും തടഞ്ഞു നിർത്തി ചോദ്യം ചെയ്യുന്നതിനിടയിൽ വിശദമായ പരിശോധനയിലാണ് തോക്ക് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.
പ്രാഥമിക അന്വേഷണം നടത്തിയതിൽ 10 ദിവസം മുൻപ് ഇരുവരും ബീഹാർ, ഒഡീഷ ഭാഗങ്ങളിൽ പോയിരുന്നെന്നും ഒഡീഷ സ്വദേശിയിൽ നിന്നാണ് പിസ്റ്റൾ വാങ്ങിയതെന്നുംഅറിഞ്ഞു.
2020 വർഷത്തിൽ മലമ്പുഴ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർചെയ്ത മാലപിടിച്ചുപറി കേസിലെ പ്രതിയാണു നന്ദു.
പ്രതികളിൽ നിന്നും ലഭിച്ച പിസ്റ്റൾ ശാസ്ത്രീയ പരിശോധന നടത്തി ലഭിച്ച ഉറവിടം കണ്ടെത്തുന്നതിനും കൂടുതൽ അന്വേഷണം നടത്താനുമുണ്ടെന്നു പോലീസ് പറഞ്ഞു.
പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു. എസ്ഐ അബ്ദുൽ കലാം, എഎസ്ഐമാരായ രമേശ്, പ്രകാശൻ, എസ് സിപിഒ പ്രസാദ് എന്നിവർ ചേർന്നാണ് വാഹന പരിശോധന നടത്തിയിരുന്നത് തുടർന്നുള്ള അന്വേഷണം മലമ്പുഴ പോലീസ് ഇൻസ്പെക്ടർ എം. സുജിത്ത് നടത്തുമെന്ന് അറിയിച്ചു.