കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ വിധി 26 ന്
1481512
Sunday, November 24, 2024 1:09 AM IST
ഒറ്റപ്പാലം: കോടതി കയറിയ കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ വിധി 26 ന്. ഒറ്റപ്പാലം എൻഎസ്എസ് കോളജിലെ യൂണിയൻ തെരഞ്ഞെടുപ്പ് സംബന്ധിച്ച ഹർജിയിലാണ് ഹൈക്കോടതി 26ന് വിധി പറയുക.
യൂണിയൻ തെരഞ്ഞെടുപ്പ് നടപടികൾ നിയമാനുസൃതം തുടരണമെന്ന കെഎസ്യുവിന്റെ ഹർജിയാണ് കോടതി പരിഗണിക്കുന്നത്. ഈ തിയതിക്കുമുന്പ് ക്രമസമാധാന സാഹചര്യം വിലയിരുത്തി റിപ്പോർട്ട് നൽകാൻ കഴിഞ്ഞദിവസം കോടതി സർക്കാർ അഭിഭാഷകനോട് നിർദേശിച്ചു. ചെയർമാൻ ഉൾപ്പെടെയുള്ള ഒന്പത് ജനറൽ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പാണ് ഇനി നടക്കാനുള്ളത്. കഴിഞ്ഞമാസം 10 ന് നടന്ന തെരഞ്ഞെടുപ്പ് ക്രമസമാധാന പ്രശ്നങ്ങളുടെ പേരിൽ നിർത്തിവെച്ചതിന് പിന്നാലെയാണ് കെഎസ്യു ഹൈക്കോടതിയെ സമീപിച്ചത്.
ക്ലാസ് പ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിനായുള്ള മത്സരത്തിൽ കെഎസ്യുവിനും എസ്എഫ്ഐയ്ക്കും ആറു സീറ്റുകളിൽ തുല്യവോട്ടുകൾ ലഭിച്ചതോടെയായിരുന്നു പ്രതിഷേധങ്ങൾക്ക് തുടക്കം. ഈ സീറ്റുകളിൽ നറുക്കെടുപ്പിലൂടെയായിരുന്നു ഫലനിർണയം. കെഎസ്യുവിന് നാലും എസ്എഫ്ഐ യ്ക്ക് രണ്ടും സീറ്റുകളിലായിരുന്നു ജയം. ഇതേച്ചൊല്ലിയുണ്ടായ തർക്കങ്ങൾ കോളജിന് അകത്തും പുറത്തും സംഘർഷസാഹചര്യമുണ്ടാക്കി. ഇതോടെയാണ് റവന്യൂ, പോലീസ് ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം തെരഞ്ഞെടുപ്പ് നിർത്തിവെച്ചത്. പാലക്കാട്ട് ഉപതെരഞ്ഞെടുപ്പ് വന്നതോടെ പോലീസുകാരുടെ ലഭ്യതക്കുറവാണ് തെരഞ്ഞെടുപ്പ് ഇത്രയും നീളാൻ കാരണം. വോട്ടുരേഖപ്പെടുത്തിയ ബാലറ്റുകൾ ഇപ്പോൾ സിസി ടിവി കാമറയുടെ സുരക്ഷയിൽ കോളജിൽതന്നെ സൂക്ഷിച്ചിരിക്കുകയാണ്.