നാലു പതിറ്റാണ്ടുകാലം ജീവിതം ആടുകൾക്കൊപ്പം
1482153
Tuesday, November 26, 2024 5:17 AM IST
ഫ്രാൻസിസ് തയ്യൂർ
മംഗലംഡാം: ആടുകൾക്കൊപ്പമാണ് മംഗലംഡാം പറശേരി റോഡിൽ ചപ്പാത്ത് പാലത്തിനടുത്തുള്ള മുസ്തഫയുടെ ജീവിതം. ഒമ്പതുവയസിൽ തുടങ്ങിയ ചങ്ങാത്തം 49 വയസ് പിന്നിടുമ്പോഴും തുടരുകയാണ്.
നാലാം ക്ലാസിൽ പഠിക്കുമ്പോൾ പൂതംകോട് മഹിളാസമാജത്തിൽനിന്നും വീട്ടുകാർക്ക് ഒരു ആട്ടിൻകുട്ടിയെ കിട്ടി. മുസ്തഫയുടെ ജീവിതംതന്നെ മാറ്റിമറിച്ചത് ഈ ആട്ടിൻകുട്ടിയാണ്. സ്കൂൾവിട്ട് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് വീട്ടിലെ അതിഥിയായി ആട്ടിൻകുട്ടിയെ കാണുന്നത്.
അതിന്റെ ഓമനത്തവും സൗമ്യതയുമെല്ലാം മുസ്തഫ എന്ന ഒമ്പതുവയസുകാരനെ വല്ലാതെ സ്പർശിച്ചു. അതിന് ഇലകൾ പറിച്ചുകൊടുത്തും കളിപ്പിച്ചും മണിക്കൂറുകൾക്കുള്ളിൽ ആട്ടിൻകുട്ടിയുമായി വലിയ ചങ്ങാത്തത്തിലായി.
പിറ്റേ ദിവസം രാവിലെ സ്കൂളിൽ പോകാൻ നേരമായപ്പോൾ മുസ്തഫയ്ക്ക് വിഷമം. ആട്ടിൻകുട്ടിയെ വിട്ടുപോകാൻ കഴിയുന്നില്ല. വീട്ടുകാർ സ്കൂളിലേക്കുപോകാൻ പറഞ്ഞ് വഴക്കായി. മനസില്ലാമനസോടെ അന്ന് സ്കൂളിൽ പോയി.
ക്ലാസിൽ ഇരിക്കുമ്പോഴും മുസ്തഫയുടെ മനസ് വീട്ടിലെ ആട്ടിൻകുട്ടിയെക്കുറിച്ചായിരുന്നു. സ്കൂൾവിട്ട് വൈകുന്നേരം വീട്ടിലേക്ക് ഓടിയെത്തി. പുസ്തകബാഗ് വലിച്ചെറിഞ്ഞ് ഇനി പഠിക്കാൻ പോകുന്നില്ലെന്ന് മുസ്തഫ വീട്ടുകാരോടു തുറന്നടിച്ചു.
പിന്നീട് മുസ്തഫയുടെ ജീവിതവും ആടുകൾക്കൊപ്പമായി. ചപ്പാത്ത് പാലത്തിനടുത്ത് പാതയോരത്തെ ഇറിഗേഷൻ ക്വാർട്ടേഴ്സിലാണ് മുസ്തഫയും ആടുകളും താമസിക്കുന്നത്. ഒറ്റമുറി വാടകവീടിനോട് ചേർന്നുതന്നെയാണ് വലിയ അലങ്കാരപ്പണികളോ ഉറപ്പോ ഇല്ലാത്ത ആട്ടിൻകൂട്. ഇപ്പോൾ ചെറുതും വലുതുമായി 20 ആടുകളുണ്ട്. എല്ലാം തനി നാടൻ. ഇപ്പോൾ ബീറ്റൽ ഇനത്തിൽപ്പെട്ട ഒരു മുട്ടനാടിനെ വാങ്ങി വളർത്തുന്നുണ്ട്.
ഇവിടെ അധികം ദൂരത്തല്ലാതെതന്നെയാണ് തറവാടുവീട്. ഭക്ഷണമൊക്കെ ഇപ്പോഴും തറവാട്ടിൽനിന്നു തന്നെയാണ്. രാവിലെ കൂടൊക്കെ വൃത്തിയാക്കി പത്തരയോടെ ഉച്ചഭക്ഷണവും കുടിവെള്ളവുമായി ഡാം ഭാഗത്തേക്ക് ആട്ടിൻകൂട്ടവുമായി പോകും. കൂട്ടത്തിൽ പ്രായക്കൂടുതലുള്ള ഒന്നു രണ്ട് ആടുകൾ മാത്രമെ മേയുമ്പോൾ നിയന്ത്രണപരിധിയിലുണ്ടാകൂ.
മറ്റ് ആടുകൾ ഇവയ്ക്കൊപ്പം നിൽക്കും. മുസ്തഫയുടെ ഓരോ ആംഗ്യങ്ങളും ശബ്ദവും എന്തിനാണെന്ന് ആടുകൾക്കു നന്നായി അറിയാം. ഇതിനാൽ പരസ്പരം കുത്തുകൂടുകയോ തീറ്റയ്ക്കായുള്ള പരക്കംപാച്ചിലോ ഇല്ല. മറ്റുള്ളവരുടെ തോട്ടങ്ങളിൽ അതിക്രമിച്ചുകയറി കണ്ണിൽകണ്ട ഇലകളെല്ലാം കടിച്ച് യജമാനനെ നാട്ടുകാരെ ക്കൊണ്ട് വഴക്ക് കേൾപ്പിക്കാനും ആടുകൾ കാരണക്കാരാകാറില്ല.
രാവിലെ പോയി വൈകുന്നേരം അഞ്ചുമണിക്കു മുമ്പ് ആടുകളുമായി മുസ്തഫ വീട്ടിൽ തിരിച്ചെത്തും. കുറച്ചുസമയം മംഗലംഡാം ടൗണിൽ നാട്ടുവിശേഷങ്ങളറിയാൻ കറങ്ങും. രാത്രി എട്ടിനു തറവാട്ടിൽ പോയി ഭക്ഷണംകഴിച്ച് വരും. പിന്നെ ആടുകൾക്കൊപ്പം അന്തിയുറക്കം. ഒരോ ദിവസത്തെയും മുസ്തഫയുടെ ജീവിതം അങ്ങനെയാണ്.
കൂട്ടിൽ വന്നാൽ പിന്നെ തീറ്റയൊന്നുമില്ല. കുടിവെള്ളം പോലും കിട്ടില്ല. ഇതിനാൽ മേയാൻ വിടുന്ന സമയം എല്ലാ ആടുകളും വയറുനിറയ്ക്കാനുള്ള തത്രപ്പാടിലാകും.
കാലിത്തീറ്റ വാങ്ങി നൽകി ആടുവളർത്തൽ ലാഭകരമാകില്ലെന്ന് നാലു പതിറ്റാണ്ടിലേറെ കാലത്തെ ആടുകൃഷിയിലൂടെ മുസ്തഫയ്ക്ക് നന്നായി അറിയാം. നാടൻ ആടിനങ്ങളെ മാത്രമേ വളർത്തൂ. ആരോഗ്യമുള്ള നല്ല നാടൻ ആടാണെങ്കിൽ 20 ലേറെ തവണ പ്രസവിക്കും.
ആടുവളർത്തലിലും മുസ്തഫയ്ക്കൊരു ചാരിറ്റി പ്രവർത്തനമുണ്ട്. ഒരു പ്രസവത്തിൽ രണ്ടിൽ കൂടുതൽ കുഞ്ഞുങ്ങളുണ്ടായാൽ അതിനെയെല്ലാം ജീവിത പ്രാരബ്ധമുള്ളവർക്ക് സൗജന്യമായി നൽകും. അങ്ങനെ മുസ്തഫയുടെ കാരുണ്യ പ്രവൃത്തിയിൽ ജീവനോപാധി നേടിയവരും നിരവധിപേരുണ്ട്. താത്പര്യവും കുറച്ചു സമയവും കണ്ടെത്തിയാൽ ആട് കൃഷി ലാഭകരമാണെന്നാണ് മുസ്തഫയുടെ ഉപദേശം. അവിവാഹിതനാണ് മുസ്ത ഫ.