""ജനങ്ങളുടെ ഉറച്ചശബ്ദമായി എന്നും ഇവിടെയുണ്ടാകും''
1481516
Sunday, November 24, 2024 1:09 AM IST
പാലക്കാട്: പാലക്കാട്ടെ ജനങ്ങളുടെ ഉറച്ച ശബ്ദമായി എന്നും ഇവിടെണ്ടാകുമെന്നു രാഹുൽ മാങ്കൂട്ടത്തിൽ. വിജയത്തിനുശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ജനകീയ വിഷയങ്ങൾ ഏറ്റെടുത്തുകൊണ്ട് ജനകീയ ഇടപെടലുകളുമായി പാലക്കാട്ടു തന്നെയുണ്ടാവും. വർഗീയതയ്ക്കും വിദ്വേഷത്തിനും പാലക്കാട്ടുകാരെ കീഴടക്കുവാൻ കഴിയില്ലെന്ന ബോധ്യമാണ് തെരഞ്ഞെടുപ്പുഫലം നൽകുന്നത്.
യുഡിഎഫ് നേടിയതു രാഷ്ട്രീയ വിജയമാണ്. തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളിലും കൃത്യമായ രാഷ്ട്രീയ നിലപാടുകളാണ് യുഡിഎഫ് ഉയർത്തിക്കാട്ടിയത്. മുൻപെങ്ങും നേരിടാത്ത പോലെയുള്ള വ്യക്തിഹത്യയും വ്യാജആരോപണങ്ങളും പ്രചാരണ രംഗത്ത് നേരിടേണ്ടിവന്നു.
എന്നാൽ അതിനെയെല്ലാം അതിജീവിച്ചത് കൃത്യമായ രാഷ്ട്രീയം ഉയർത്തിക്കാട്ടിയാണ്.
കള്ളപ്പണക്കാരനെന്ന പട്ടംപോലും ഒരു ഘട്ടത്തിൽ ചാർത്തിത്തന്നു. അപ്പോഴും ഈ ജനത അവരുടെ മനസിലാണ് തനിക്കു സ്ഥാനം നൽകിയതെന്നും രാഹുൽ പറഞ്ഞു. ബിജെപിയും സിപിഎമ്മും ഒരുപോലെ നടത്തിയ പ്രചാരണം താൻ ഷാഫി പറമ്പിലിന്റെ നോമിനി ആയിരുന്നു എന്നതായിരുന്നു.
ആ പ്രചാരണം വിജയത്തിന്റെ ആക്കംകൂട്ടി എന്നുതന്നെ പറയാം. താൻ ഷാഫി പറമ്പിലിന്റെ മാത്രം നോമിനയല്ല. വി കെ ശ്രീകണ്ഠന്റെയും നോമിനി തന്നെയാണ്. കോൺഗ്രസ് പാർട്ടിയുടെയും യുഡിഎഫിന്റെയും നോമിനയാണ്.
കോൺഗ്രസിന്റെ ഒരു സാധാരണ പ്രവർത്തകനായ തനിക്കുലഭിച്ച ഏറ്റവും വലിയ അംഗീകാരമാണ് സ്ഥാനാർഥിത്വവും ലഭിച്ച വിജയമെന്നും രാഹുൽ കൂട്ടിച്ചേർത്തു.