ആനകളെ തുരത്താൻ മൂർത്തിക്കുന്നിൽ ഭൂസമരപ്പന്തലിനു മുന്നിൽ തീപുകച്ച് ഊരുമൂപ്പനും കുടുംബവും
1482389
Wednesday, November 27, 2024 4:44 AM IST
മംഗലംഡാം: വൈകുന്നേരമായാൽ കടപ്പാറ മൂർത്തിക്കുന്നിലെ ഭൂ സമരപന്തലിനു മുന്നിൽ തീയിട്ട് ആനകളെ അകറ്റാനുള്ള പണികളിലാകും ഊരു മൂപ്പൻ വാസുവും കുടുംബവും. ഇവിടെവച്ച് ആനകളെ തടഞ്ഞില്ലെങ്കിൽ വീടുകൾ തിങ്ങിനിറഞ്ഞ കടപ്പാറ സെന്ററിലേക്ക് കാട്ടാനകളെത്തും. ഇതിനുള്ള മുൻകരുതലാണ് എല്ലാ ദിവസവും മൂപ്പനും കുടുംബവും തീയിട്ട് ചെറുക്കുന്നത്.
മൂപ്പന്റെ കുടുംബമാണ് സമരപന്തലിൽ സ്ഥിരമായുള്ളത്. കഴിഞ്ഞദിവസം സമരപ്പന്തലിനു മുന്നിലെ കൃഷിയിടത്തിൽ ആനകളെത്തി കൃഷി നശിപ്പിച്ചിരുന്നു. ബഹളംവച്ചും പാട്ടകൊട്ടിയും തീയിട്ടുമെല്ലാം ആനകളെ തുരത്തിയതിനാൽ 200 മീറ്റർ താഴെയുള്ള വീടുകൾ നിറഞ്ഞ സ്ഥലത്തേക്ക് ആനകൾ ഇറങ്ങിയില്ല. അതല്ലെങ്കിൽ സുരക്ഷിതമെന്ന് കരുതിയിരുന്ന കടപ്പാറ ജംഗ്ഷനിലും കാട്ടാനയെത്തി എന്ന വാർത്ത ഉണ്ടാകുമായിരുന്നുവെന്ന് മൂപ്പൻ വാസു പറഞ്ഞു.
മുമ്പൊന്നും ജനവാസമുള്ള മൂർത്തിക്കുന്നിൽ ആനകൾ എത്തിയിരുന്നില്ല. എന്നാൽ ഇപ്പോൾ ആനകൾ കൂടുതൽ ജനവാസ മേഖലകളിലേക്ക് ഇറങ്ങി അപകടസ്ഥിതിയാണ്. സന്ധ്യ മയങ്ങിയാൽ കൃഷിയിടങ്ങളായ മലയോര മേഖലകളെല്ലാം ആനകളുടെ വിഹാര കേന്ദ്രമായി മാറും. കുട്ടികളും പ്രായമായവരുമുള്ള വീട്ടുകാർ ഓരോ രാത്രികളും ഭയപ്പെട്ടാണ് കഴിയുന്നത്. എന്തും സംഭവിക്കാമെന്ന സ്ഥിതിയാണ്. വാനരപ്പടയും പന്നിക്കൂട്ടങ്ങളും വിളകളെല്ലാം നശിപ്പിക്കുന്നതിനൊപ്പമാണ് ജീവന് തന്നെ ഭീഷണിയായി ആനക്കൂട്ടങ്ങൾ നാട്ടിലെത്തുന്നത്.
2016 ജനുവരി 15നാണ് കൃഷിഭൂമിക്കും സുരക്ഷിതമായ വീടിനുമായി ആദിവാസി കുടുംബങ്ങൾ മൂർത്തിക്കുന്നിലെ 15 ഏക്കറോളം വനഭൂമി കൈയേറി കുടിലുകൾ കെട്ടി ഭൂസമരം ആരംഭിച്ചത്. സമരം ഇപ്പോഴും തുടരുകയാണ്. കൈയേറിയ ഭൂമി ആദിവാസി കുടുംബങ്ങൾക്ക് തന്നെ പതിച്ചു നൽകാൻ 2017 ജൂലൈ 15ന് അന്നത്തെ കളക്ടറുടെ സാന്നിധ്യത്തിൽ നടന്ന ബന്ധപ്പെട്ട അധികാരികളുടെ യോഗം തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് അധികൃതർ തന്നെ തീരുമാനത്തിൽ നിന്ന് പിന്മാറുകയായിരുന്നു. ഇത് ആദിവാസികളുടെ ഭൂസമരം കൂടുതൽ ശക്തമാകാൻ കാരണമായി.