റവന്യൂ ജില്ലാ കലോത്സവം: മണ്ണാർക്കാട് ഉപജില്ല മുന്നിൽ, സ്കൂളുകളിൽ ഗുരുകുലം
1482390
Wednesday, November 27, 2024 4:44 AM IST
ശ്രീകൃഷ്ണപുരം: റവന്യൂ ജില്ലാ കലോത്സവത്തില്‍ 270 പോയിന്റ് നേടി മണ്ണാര്‍ക്കാട് ഉപജില്ല മുന്നില്‍. 264 പോയിന്റ് നേടി തൃത്താല രണ്ടും 261 പോയിന്റുമായി ചിറ്റൂര്‍ മൂന്നും 255 പോയിന്റോടെ ഒറ്റപ്പാലം നാലും സ്ഥാനത്താണ്.
മറ്റു ഉപജില്ലകളുടെ പോയിന്റ് നില: കൊല്ലങ്കോട്- 253, ചെര്‍പ്പുളശേരി- 250, പട്ടാമ്പി- 248, ആലത്തൂര്‍ 246, ഷൊര്‍ണൂര്‍- 227, പറളി 191, കുഴല്‍മന്ദം 157. സ്കൂള്‍തലത്തില്‍ 132 പോയിന്റ് നേടി ആലത്തൂര്‍ ബിഎസ്എസ് ഗുരുകുലം മുന്നിലാണ്. 87 പോയിന്റുമായി ചിറ്റൂര്‍ ജിവിജിഎച്ച്എസ്എസ് രണ്ടും 66 പോയിന്റ് നേടി കൊടുവായൂര്‍ ജിഎച്ച്എസ്എസ് മൂന്നും 60 പോയിന്റു നേടി പെരിങ്ങോട് എച്ച്എസ്എസ് നാലും 56 പോയിന്റുമായി ഷൊര്‍ണൂര്‍ ചളവറ എച്ച്എസ്എസ് അഞ്ചും സ്ഥാനത്തുണ്ട്.ഇന്നലെ രാവിലെ പ്രധാന വേദിയായ ശ്രീകൃഷ്ണപുരം ഹയർസെക്കൻഡറി സ്കൂളിൽ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ പി. സുനിജ പതാക ഉയർത്തിയതോടെയാണ് നാലു ദിവസം ദിനരാത്രങ്ങളെ ചിലങ്കയുടെ നാദമുയർത്തി സംഗീതത്തിന്റെ മധുരം പൊഴിച്ച് കലാമാമാങ്കത്തിന് തുടക്കമായത്.
വൈകുന്നേരം കെ. പ്രേംകുമാർ എംഎൽഎ കലോത്സവം ഉദ്ഘാടനം ചെയ്തു. എൻ. ഷംസുദ്ദീൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലയിലെ 63 കലാ അധ്യാപകർ സ്വാഗത ഗാനം ആലപിച്ചു. സിനി ആർട്ടിസ്റ്റ് രചന നാരായണൻകുട്ടി മുഖ്യാതിഥിയായി. സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് ബീന ചന്ദ്രനെയും കലോത്സവ ലോഗോ തയ്യാറാക്കിയ ശ്രീകൃഷ്ണപുരം ഹയർ സെക്കൻഡറി സ്കൂളിലെ ടി.കെ. വിപിൻനാഥിനെയും ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത ജോസഫ്, പഞ്ചായത്ത് പ്രസിഡന്റ് രാജിക, വൈസ് പ്രസിഡന്റ് സുകുമാരൻ, ഡയറ്റ് പ്രിൻസിപ്പൽ ഡോ.പി. ശശിധരൻ, എസ്എസ്കെഡിപി സി.കെ. ജയപ്രകാശ്, മണ്ണാർക്കാട് ഡിഇഒ സലീന ബീവി, കെ.എൻ. കൃഷ്ണകുമാർ, അജിത വിശ്വനാഥ് പ്രസംഗിച്ചു.
ശ്രീകൃഷ്ണപുരം ഹയർ സെക്കൻഡറി സ്കൂൾ, എ എൽ പി സ്കൂൾ പെരുമങ്ങോട്, എയുപി സ്കൂൾ ശ്രീകൃഷ്ണപുരം, ശ്രീകൃഷ്ണപുരം കമ്യൂണിറ്റിഹാൾ, ബാപ്പുജി പാർക്ക്, സംഗീത ശില്്പം ഓഡിറ്റോറിയം എന്നിവിടങ്ങളിലാണ് ജില്ലാ കലോത്സവം നടക്കുന്നത്. 12 ഉപജില്ലകളിൽ നിന്നായി പതിനായിരത്തിൽപ്പരം കലാപ്രതിഭകൾ 343 ഇനങ്ങളിൽ മത്സരിക്കും.