കനാൽപ്പാലം കൈവരി തകർന്ന് അപകടഭീഷണി
1482388
Wednesday, November 27, 2024 4:44 AM IST
വണ്ടിത്താവളം: നന്ദിയോട് മേൽപ്പാടം കനാൽപ്പാലത്തിന്റെ കൈവരി പൂർണമായും തകർന്നു. ഇതുവഴി നന്ദിയോട് സ്കൂളിലെ വിദ്യാർഥികൾ സഞ്ചരിക്കുന്നത് അപകട ഭീഷണിയിലാണ്.
മൂലത്തറ ഇടതുകനാൽപ്പാലത്തിന്റെ പടിഞ്ഞാറു ഭാഗത്തെ കൈവരിയാണ് തകർന്നിരിക്കുന്നത്. കൈപ്പൻകുളമ്പ് പ്രദേശങ്ങളിൽ നിന്നും നൂറുകണക്കിന് ആളുകൾ ഈ പാലത്തിലൂടെയാണ് പ്രധാനപാതയിലെത്തുന്നത്.
കർഷകരുടെ നെല്ല് സംഭരണത്തിന് സഞ്ചരിക്കുന്ന വാഹനങ്ങൾ പാലം കടക്കുന്നത് ദുർഘടമായിരിക്കുകയാണ്. പാലം തകർച്ചാഭീഷണിയിലാണെന്നും അടിയന്തരമായി പുനർനിർമിക്കണമെന്നുമാവശ്യപ്പെട്ട് പല തവണ നാട്ടുകാർ ബന്ധപ്പെട്ട വകുപ്പ് മേധാവികൾക്ക് പരാതികൾ നൽകിയിട്ടും ഇതുവരേയും പരിഹാര നടപടികൾ ഉണ്ടാവാത്തത് പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്.