കിഴക്കഞ്ചേരി പനംകുറ്റിയിൽ ആനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു
1482151
Tuesday, November 26, 2024 5:17 AM IST
വടക്കഞ്ചേരി: കിഴക്കഞ്ചേരി വാൽകുളമ്പിനടുത്ത് പനംകുറ്റിയിൽ ആനയിറങ്ങി വ്യാപകമായി വിളകൾ നശിപ്പിച്ചു. പനംകുറ്റി ചെറുനിലം ജോണി, ജുബി സക്കറിയ തുടങ്ങിയവരുടെ തോട്ടങ്ങളിലെ കൃഷികളാണ് കൂടുതലും നശിപ്പിച്ചിട്ടുള്ളത്.
തെങ്ങ്, കവുങ്ങ്, വാഴ, കുരുമുളക് കൊടികൾ തുടങ്ങിയവയെല്ലാം തള്ളിയിട്ടു നശിപ്പിച്ചിരിക്കുകയാണ്. ഒട്ടേറെ തെങ്ങുകളും കവുങ്ങുകളും കൂട്ടത്തോടെയാണ് തള്ളിയിട്ടിട്ടുള്ളതെന്നു ചെറുനിലം ജോണി പറഞ്ഞു. തോട്ടങ്ങളിലെ വാഴകളെല്ലാം കടപുഴക്കിയും ചവിട്ടി കൂട്ടിയും കളഞ്ഞിരിക്കുകയാണ്.
തോട്ടങ്ങളിലെ പൈപ്പുലൈനുകളും തകർത്തിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്ഥിരമായി ആനയിറങ്ങി കൃഷി നശിപ്പിക്കുന്നുണ്ടെന്നു നാട്ടുകാർ പറഞ്ഞു. രാത്രികാലങ്ങളിൽ നാട്ടുകാർ സംഘടിച്ച് വിളകൾക്ക് കാവലുണ്ടെങ്കിലും ഇവരുടെ കണ്ണുവെട്ടിച്ചാണ് പലവഴിയിലൂടെ പീച്ചി കാട്ടിൽനിന്നും ആനക്കൂട്ടങ്ങൾ എത്തുന്നത്. ഇത്രയേറെ കൃഷിനാശം ഉണ്ടായിട്ടും വനംവകുപ്പ് യാതൊരു നടപടികളും സ്വീകരിക്കുന്നില്ലെന്നാണു പരാതി. വനാതിർത്തിയിൽ അഞ്ഞൂറു മീറ്ററോളം സോളാർ ഫെൻസിംഗ് തകർന്നു കിടക്കുന്നതാണ് ആനകൾ കൃഷിയിടങ്ങളിൽ എത്താൻ കാരണമാകുന്നത്. ഈ കുറഞ്ഞ ദൂരത്തെ ഫെൻസിംഗ് അറ്റകുറ്റപ്പണി ചെയ്യാൻപോലും വനംവകുപ്പിനു ഫണ്ടില്ലെന്നാണ് വിശദീകരണം.