വിവാദങ്ങളെ തല്ലിക്കെടുത്തി രാഹുൽ നേടിയതു മിന്നുംജയം
1481517
Sunday, November 24, 2024 1:09 AM IST
പാലക്കാട്: സിപിഎമ്മും ബിജെപിയും കാച്ചിക്കുറുക്കിയെടുത്ത വിവാദങ്ങളെല്ലാം തിരിച്ചടിയായപ്പോൾ രാഹുൽ മാങ്കൂട്ടത്തിൽ നേടിയെടുത്തതു പാലക്കാട് മണ്ഡലചരിത്രത്തിലെ മിന്നും വിജയം.
സിപിഎമ്മിന്റെയും ബിജെപിയുടെയും ഇത്തരത്തിലുള്ള നീക്കത്തില് നിന്നും ഉടലെടുത്ത ട്രോളി, സ്പിരിറ്റ്, കത്ത്, ഇരട്ടവോട്ടു വിവാദവുമെല്ലാം അക്ഷരാർഥത്തിൽ വോട്ടർമാർ തള്ളിക്കളഞ്ഞെന്നു വിലയിരുത്ത വിധിയാണ് ഇന്നലെയുണ്ടായത്. വിവാദങ്ങള്ക്കൊപ്പമല്ല, പാലക്കാട്ടുകാർ വികസനത്തിനൊപ്പമാണെന്നു അടിവരിയിട്ട് തെളിയിക്കുന്നതാണ് രാഹുലിന്റെ വിജയമെന്നു തെളിഞ്ഞതായി യുഡിഎഫ് നേതാക്കൾ ഒറ്റക്കെട്ടായി പറയുന്നു.
2021 ലെ അസംബ്ലി തെരഞ്ഞെടുപ്പിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ കോൺഗ്രസും ബിജെപിയും തമ്മിലായിരുന്നു പോരെങ്കിൽ ഇക്കുറി മൂന്നുമുന്നണികളും ശക്തമായി മത്സരരംഗത്തുണ്ടായിരുന്നു. എന്നാൽ പോളിംഗ് കുറയുമെന്ന് മൂന്ന് മുന്നണികളും കരുതിയിരുന്നില്ല.
2021 ൽ മണ്ഡലത്തിൽ മത്സരിച്ച മെട്രോമാൻ ഇ. ശ്രീധരന് വ്യക്തിപരമായി ലഭിച്ച വോട്ടാണ് കഴിഞ്ഞ തവണ മത്സരം കടുപ്പിച്ചതെന്ന വിലയിരുത്തലാണ് കോൺഗ്രസ് നേരത്തെമുതൽ പറഞ്ഞിരുന്നത്. അതു തെളിയിക്കുന്നതും കൂടിയായി ഇത്തവണത്തെ തെരഞ്ഞെടുപ്പുഫലം.
അലകടലായി ആഹ്ലാദപ്രകടനം
പാലക്കാട്: ഉപതെരഞ്ഞെടുപ്പിൽ മിന്നുംവിജയം നേടിയ യുഡിഎഫ് നഗരത്തിൽ ആഹ്ലാദപ്രകടനം നടത്തി. വോട്ടെണ്ണൽ കേന്ദ്രമായ വിക്ടോറിയ കോളജ് പരിസരത്തുനിന്നും ആരംഭിച്ച ആഹ്ലാദപ്രകടനം സ്റ്റേഡിയം ബസ്റ്റാൻഡ് പരിസരത്താണു സമാപിച്ചത്.
വാദ്യോപകരണങ്ങളുടെയും അലങ്കാര വാഹനങ്ങളുടെയും അകമ്പടിയോടെ നടന്ന റോഡ്ഷോയിൽ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിനു പ്രവർത്തകർ പങ്കെടുത്തു.എംപിമാരായ വി.കെ. ശ്രീകണ്ഠൻ, ഷാഫി പറമ്പിൽ, എംഎൽഎമാരായ പി.സി. വിഷ്ണുനാഥ്, അൻവർ സാദത്ത്, എൻ. ഷംസുദ്ദീൻ, നേതാക്കളായ സന്ദീപ് വാര്യർ, പി.കെ. ഫിറോസ്, ജ്യോതികുമാർ ചാമക്കാല, സി. ചന്ദ്രൻ, ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ, ബി.എ. അബ്ദുൽ മുത്തലിബ്, പി. ഹരിഗോവിന്ദൻ തുടങ്ങിയവർ തുടങ്ങിയവർ റോഡ് ഷോയ്ക്കു നേതൃത്വം നൽകി. തുറന്ന വാഹനത്തിൽ നിയുക്ത എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലും റോഡ്ഷോയുടെ ഭാഗമായി. ഇതിനിടെ നീലട്രോളിബാഗ് ഉയർത്തിയും യുഡിഎഫ് പ്രവർത്തകർ ആവേശം പങ്കുവയ്ക്കുകയുണ്ടായി.
രാവിലെ വിവിധ ക്ഷേത്രങ്ങളിലെ സന്ദർശനത്തിന് ശേഷമായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ വിക്ടോറിയ കോളജിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ എത്തിയത്. തുടർന്ന് വോട്ടെണ്ണൽ അവസാനിച്ചശേഷം വിജയിയായി പ്രഖ്യാപിച്ചുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ പത്രം കൈപ്പറ്റിയ ശേഷം ആയിരുന്നു ആഹ്ലാദപ്രകടനം ആരംഭിച്ചത്.