കല്ലേറിൽ പോലീസുകാരനു പരിക്കേറ്റ സംഭവം: 5 പേർ അറസ്റ്റിൽ
1461571
Wednesday, October 16, 2024 6:47 AM IST
ഒറ്റപ്പാലം: കല്ലേറിൽ പോലീസുകാരനു പരിക്കേറ്റ സംഭവത്തിൽ പ്രതികൾക്കെതിരെ നടപടികൾ തുടങ്ങി. ഇതിനകം അഞ്ചു പേർ അറസ്റ്റിലായി. പാലപ്പുറം എൻഎസ്എസ് കോളജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള സംഘർഷത്തിലാണ് പോലീസുകാരനു പരിക്കേറ്റത്. സിപിഎം പാലപ്പുറം ലോക്കൽ കമ്മിറ്റി അംഗം കെ. ബിനോയ്, കെ.എസ്. സവാദ്, ഷാനവാസ് എന്നിവരെയാണ് കഴിഞ്ഞ ദിവസം ഒറ്റപ്പാലം പോലീസ് അറസ്റ്റുചെയ്തത്.
നേരത്തെ രണ്ടുപേർ അറസ്റ്റിലായിരുന്നു. എആർ ക്യാമ്പിലെ പോലീസുകാരൻ എരിമയൂർ സ്വദേശി ഉദയന് പരിക്കേറ്റ സംഭവത്തിലാണ് അറസ്റ്റ്. എസ്എഫ്ഐ ജില്ലാ വൈസ്പ്രസിഡന്റ് ടി.എം. ദുർഗാദാസ്, ഡിവൈഎഫ്ഐ ഒറ്റപ്പാലം ബ്ലോക്ക് കമ്മിറ്റി അംഗം കെ. പ്രേംജിത്ത് എന്നിവരെയാണ് നേരത്തേ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ സിപിഎം, ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകരായ കണ്ടാലറിയാവുന്ന ഇരുപതോളം പേർക്കെതിരെയാണ് കേസെടുത്തിരുന്നത്. ജോലി തടസപ്പെടുത്തിയതും ഗുരുതരമായി പരിക്കേൽപ്പിച്ചതും ഉൾപ്പെടെയുള്ള ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് നടപടി.
കഴിഞ്ഞ വ്യാഴാഴ്ച നടന്ന തെരഞ്ഞെടുപ്പിനിടെ കാമ്പസിന് പുറത്ത് രാത്രി 9.20 നായിരുന്നു കല്ലേറ് നടന്നത്. യൂണിയൻ തെരഞ്ഞെടുപ്പുഫലം സംബന്ധിച്ച തർക്കങ്ങളാണ് പുറത്തേക്ക് വ്യാപിച്ചത്. കോളജ് കവാടത്തിനുസമീപം സിപിഎം, കോൺഗ്രസ് പ്രവർത്തകർ സംഘടിച്ചിരുന്നു. പലതവണ സംഘർഷത്തിന്റെ വക്കോളമെത്തി. ഇത് നിയന്ത്രിക്കുന്നതിനിടെയാണ് കല്ലേറുണ്ടായത്.