കിഴക്കഞ്ചേരി ആനയടിയൻപരുതയിലെ മുനിയറകൾ നശിപ്പിച്ച നിലയിൽ
1600984
Sunday, October 19, 2025 6:48 AM IST
വടക്കഞ്ചേരി: കിഴക്കഞ്ചേരി പഞ്ചായത്തിലെ കൊന്നക്കൽകടവ് ആനയടിയൻ പരുതയിൽ മഹാ ശിലായുഗ കാലഘട്ടത്തിലെ മനുഷ്യനിർമിതങ്ങളായ മുനിയറകൾ വ്യാപകമായി നശിപ്പിച്ചതായി പരാതി.
2500 വർഷങ്ങൾക്കു മുമ്പുള്ള ചരിത്ര സ്മാരകങ്ങളാണ് നശിപ്പിക്കപ്പെട്ടിട്ടുള്ളത്. ഇതു സംബന്ധിച്ച് പ്രദേശവാസിയായ ഹരിദാസൻ മംഗലംഡാം പോലീസിൽ പൊതുതാത്പര്യ പരാതി നൽകിയിട്ടുണ്ട്.
പതിനേഴര ഏക്കർ വരുന്ന പാറപ്പുറമായ ഈ കുന്നിൻപ്പുറത്ത് ഇരുപതിലേറെ മുനിയറകളുടെ ശേഷിപ്പുകൾ ഉണ്ടായിരുന്നെന്നാണ് പറയപ്പെടുന്നത്. ഇതിൽ പൂർണതോതിലുണ്ടായിരുന്ന മുനിയറയാണ് കഴിഞ്ഞദിവസം തകർത്തത്.
പ്രദേശത്തിന്റെ ചരിത്ര പ്രാധാന്യം കണക്കിലെടുത്ത് സംസ്ഥാന പുരാവസ്തു വകുപ്പും ചരിത്രഗവേഷകരും ചരിത്രപഠന വിദ്യാർഥികളുമെല്ലാം ഇടക്കിടെ എത്തുന്ന സ്ഥലത്തെ ചരിത്രശേഷിപ്പുകളാണ് ഇല്ലാതാക്കിയിട്ടുള്ളത്. സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പുരാവസ്തു വകുപ്പിന്റെ നടപടികൾ നടക്കുന്നതിനിടെയാണ് ഇത്തരത്തിൽ ചരിത്രശേഷിപ്പുകൾ നശിപ്പിക്കുന്ന സംഭവം ഉണ്ടാകുന്നത് എന്നതും ശ്രദ്ധേയമാണ്.
ശിലായുഗ കാലഘട്ടത്തിൽ ഒന്നാംഘട്ട മൃത സംസ്കാര ചടങ്ങുകൾക്കു ശേഷം ശേഷിക്കുന്ന മൃതശരീരാവശിഷ്ടങ്ങൾ മൺകുടങ്ങളിലാക്കി ഇത്തരം മുറിയറകളിൽ സൂക്ഷിക്കാറുണ്ടെന്നാണ് ചരിത്ര ഗവേഷകർ കണ്ടെത്തിയിട്ടുള്ളത്.
ഇതിനാൽ ഇത്തരം ശേഷിപ്പുകൾ നിലനിൽക്കേണ്ടതും ചരിത്രസംഭവങ്ങൾ പുതുതലമുറകൾക്ക് പാഠ്യ വിഷയമാക്കാനും ഏറെ ഉപകാരപ്പെടും. ഇതിനാൽ മുനിയറകൾ സംരക്ഷിക്കപ്പെടണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
ചരിത്ര ഗവേഷകനും പട്ടാമ്പി ഗവൺമെന്റ് കോളജിലെ ചരിത്ര വിഭാഗം പ്രഫസറുമായ കെ. രാജൻ, വിദ്യാഭ്യാസ വകുപ്പിൽ നിന്നും റിട്ടയർ ചെയ്ത ഡെപ്യൂട്ടി ഡയറക്ടർ വി. രാമചന്ദ്രൻ എന്നിവർ ഇന്നലെ സ്ഥലത്തെത്തി പരിശോധന നടത്തി.
ചരിത്രസ്മാരകങ്ങൾ ഇത്തരത്തിൽ തകർക്കപ്പെടുന്നത് ഗൗരവമായി കാണണമെന്നും ഇത്തരം പ്രവൃത്തികൾ ആവർത്തിക്കാതിരിക്കാൻ വേണ്ട നടപടികൾ ബന്ധപ്പെട്ടവർ സ്വീകരിക്കണമെന്നും പ്രഫ.കെ.രാജൻ പറഞ്ഞു.
ഈ കുന്നിൻപ്പുറത്തു നിന്നുള്ള വിദൂരകാഴ്ചകളും അതിമനോഹരമാണ്. പാലക്കുഴി തിണ്ടില്ലം വെള്ളച്ചാട്ടത്തിന്റെ താഴെയാണ് ഈ പ്രദേശം. പാലക്കുഴി മലയിൽ പോത്തുമട ഭാഗത്തും ഇത്തരം പെരുംകല്ലറ എന്നറിയപ്പെടുന്ന മുനിയറകളുണ്ട്.