അധ്യാപകരുടെ സാമൂഹിക ഉത്തരവാദിത്വം വലുത്: വനിതാ കമ്മീഷൻ
1600960
Sunday, October 19, 2025 6:41 AM IST
പാലക്കാട്: അധ്യാപകരുടെ സാമൂഹിക ഉത്തരവാദിത്വം വളരെ വലുതാണെന്ന് വനിതാകമ്മീഷൻ അംഗം വി.ആർ. മഹിളാമണി. ജില്ലാ പഞ്ചായത്ത്ഹാളിൽ വനിതാ കമ്മീഷൻ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവർ.
അറിവ് പകരുക എന്നതിലുപരി വിദ്യാർഥികളുടെ വ്യക്തിഗത കഴിവുകൾ തിരിച്ചറിഞ്ഞ് അവരുടെ സമഗ്രവളർച്ചയ്ക്ക് വഴിയൊരുക്കേണ്ട ചുമതല അധ്യാപകർക്കുണ്ട്. അധ്യാപകർ കക്ഷികളായിട്ടുള്ള പരാതികൾ കമ്മീഷന് മുന്നിൽ വരുന്പോൾ കുട്ടികളുടെ പഠനസമയം നഷ്ടപ്പെടുത്താൻ കാരണമാകും. ഇത്തരം വിഷയങ്ങൾ കഴിവതും ഒത്തുതീർപ്പാക്കേണ്ടതും കുട്ടികളുടെ വിദ്യാഭ്യാസം തടസപ്പെടുത്തുന്ന സാഹചര്യം ഒഴിവാക്കേണ്ടതുമാണ്.
വിദ്യാലയങ്ങളുടെ ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്ന കാര്യങ്ങളിൽ മാത്രം സ്കൂൾ മാനേജ്മെന്റുകൾ ശ്രദ്ധ കേന്ദ്രീകരിച്ചാൽ മതിയാകുമെന്നും കമ്മീഷൻ കൂട്ടിച്ചേർത്തു. 43 കേസുകളാണ് അദാലത്തിൽ പരിഗണിച്ചത്. ഇതിൽ ഏഴ് കേസുകൾ തീർപ്പാക്കി. 24 കേസുകൾ അടുത്ത സിറ്റിംഗിൽ പരിഗണിക്കും. അഡ്വ. ഷീബ, ഫാമിലി കൗണ്‍സിലർമാരായ ഡിന്പിൾ, സ്റ്റെഫി, വിമണ്‍സെൽ ഓഫീസർമാരായ യാസ്മിന ബാനു, അനിത പങ്കെടുത്തു.